നിലയ്ക്കൽ: മണ്ഡലകാലത്തിനായി നട തുറന്നതോടെ നിലയ്ക്കലിൽ വാഹന പരിശോധന കർശനമാക്കി പോലീസ്. ദർശനത്തിനായി ആന്ധ്രാപ്രദേശിൽനിന്ന് യുവതികളെത്തിയ പശ്ചാത്തലത്തിൽ വനിതാ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നിലയ്ക്കലിൽ വാഹന പരിശോധന.

പമ്പയിലേക്ക് പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി. വാഹനങ്ങളിലും വനിതാ പോലീസുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കൂടാതെ പാർക്കിങ് ഗ്രൗണ്ടിലേക്ക് വരുന്ന തീർഥാടകരുെട സ്വകാര്യ വാഹനങ്ങളും വനിതാ പോലീസ് പരിശോധിക്കുന്നു. യുവതികളെ പമ്പ വരെ പോകാനേ അനുവദിക്കൂ. മല കയറാൻ അനുവദിക്കില്ലെന്ന അറിയിപ്പ് നൽകിയാണ് അവരെ നിലയ്ക്കലിൽനിന്ന് വിടുന്നത്.

ആന്ധ്രാപ്രദേശിൽനിന്നുള്ള യുവതികളെ പമ്പയിൽ തടഞ്ഞു

ശബരിമല: ശബരിമല അയ്യപ്പദർശനത്തിനായി പമ്പയിലെത്തിയ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽനിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ മൂന്ന് യുവതികളെ പോലീസ് തടഞ്ഞു. ഇവർക്ക് 50 വയസ്സിൽ താഴെയാണ് പ്രായമെന്ന് കണ്ടതിനെത്തുടർന്നാണിത്.

മണ്ഡല മഹോത്സവത്തിനായി നടതുറന്ന ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഒാടെയാണ് സംഘം പമ്പയിലെത്തിയത്. ഗണപതിക്ഷേത്രം കഴിഞ്ഞുള്ള ഗാർഡ് റൂമിന് അടുത്തുവെച്ചാണ് ഇവരെ തടഞ്ഞത്. ഇവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചശേഷം കാര്യങ്ങൾ ബോധ്യപ്പെടുത്തി. സംഘത്തിലെ ബാക്കിയുള്ളവരെ മലചവിട്ടാൻ അനുവദിച്ചു. യുവതികൾ പമ്പയിൽ തങ്ങി.

Content Highlights: sabarimala: vehicle checking in nilakkal, police wont give permission to women