ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവകാലത്തുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും പോലീസ് പിൻവലിച്ചതോടെ ശബരിമലയിൽ അയ്യപ്പന്മാർക്ക് സുഖദർശനം. കുംഭമാസപൂജയ്ക്ക് നട തുറന്നപ്പോൾ അയ്യപ്പന്മാർക്ക് വിരിവെക്കാൻ കാര്യമായ നിയന്ത്രണങ്ങളില്ല. അപ്പം, അരവണ കൗണ്ടറുകളിലും മഹാകാണിക്കയിലും വാവരുനടയിലും തടസ്സം കൂടാതെ എത്താനും കഴിയുന്നുണ്ട്. താഴെ തിരുമുറ്റത്ത് വിരിവെക്കാനുള്ള നിയന്ത്രണം തുടരുന്നുണ്ട്.

സന്നിധാനത്തെ വലിയനടപ്പന്തലിനോട് ചേർന്നുള്ള മേൽപ്പാലത്തിന് അടിയിൽ വിരിവെക്കാൻ അനുവദിക്കുന്നുണ്ട്. മണ്ഡലവിളക്കുകാലത്ത് ഇത് അനുവദിച്ചിരുന്നില്ല. മകരവിളക്കുകാലത്ത് പ്രായമുള്ളവരെയും സ്ത്രീകളെയും മാത്രമാണ് ഇവിടെ വിരിവെക്കാൻ അനുവദിച്ചത്. കാര്യമായ തിരക്കില്ലാത്തതിനാൽ സൗകര്യമുള്ള സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാർ വിരിവെക്കുന്നുണ്ട്. ഇതൊന്നും പോലീസ് തടഞ്ഞില്ല.

താഴെ തിരുമുറ്റത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ മണ്ഡലവിളക്കുകാലത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ ഇപ്പോഴും ഉണ്ടെങ്കിലും അയ്യപ്പന്മാരുടെ നീക്കത്തിന് കാര്യമായ തടസ്സമില്ലാത്തവിധമാണ് ഇത്. വാവരുനടയിലെത്തി ദർശനം നടത്താൻ ബുദ്ധിമുട്ടില്ല. മഹാകാണിക്കയിലേക്കുള്ള വഴി നേരത്തെ വടം കെട്ടി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് രണ്ടുമില്ല. അപ്പം, അരവണ കൗണ്ടറിലും തടസ്സം കൂടാതെ എത്താം.

വടക്കേനടയിൽ അയ്യപ്പന്മാർ വിരിവെച്ച് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങളും നടത്തി. പോലീസ് ഇതും തടസ്സപ്പെടുത്തിയില്ല.

ദർശനം കഴിഞ്ഞ അയ്യപ്പന്മാരെ വലിയനടപ്പന്തലിലൂടെ മടങ്ങിപ്പോകാനും അനുവദിച്ചു. നേരത്തെ വലിയനടപ്പന്തലിന് സമീപത്തുള്ള മേൽപ്പാലം വഴിയാണ് മടക്കിഅയച്ചിരുന്നത്. എന്നാൽ താഴെ തിരുമുറ്റത്ത് വിശ്രമിക്കുന്നവരോട് മറ്റ് സ്ഥലത്തേക്ക് മാറാൻ പോലീസ് നിർദേശിക്കുന്നുണ്ട്.

പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പന്മാരെ തിരക്കില്ലെങ്കിൽ കൊടിമരത്തിന് അടുത്തുകൂടിതന്നെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. പോലീസ് സ്‌പെഷ്യൽ ഓഫീസർ വി.അജിത്തിന്റെ നിയന്ത്രണത്തിലാണ് സന്നിധാനത്ത് പോലീസ് വിന്യാസം.

content highlights: Sabarimala temple opens on Tuesday for 5 days