ശബരിമല: ഇത്തവണ ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടയ്‌ക്കാൻ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡൻറ്് പറഞ്ഞു. കഴിഞ്ഞ സീസണിൽ 167 കോടിയായിരുന്നു നടവരവ്. 2017-18ൽ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം.
ശബരിമലയിൽ ഉന്നതാധികാര സമിതിയുടെ അംഗീകാരം നേടിയ 58 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഉടൻ ടെൻഡർ വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനംവകുപ്പിന്റെ തടസ്സമില്ലാത്ത പദ്ധതികൾ ഉടൻ തുടങ്ങും. റോപ് വേ പദ്ധതിക്കായി കുടുതൽ മരം മുറിക്കേണ്ടി വരില്ല. കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിക്കായി ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Sabarimala Temple income 234 crore