തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തുനിലപാട് എടുക്കണമെന്നു തീരുമാനിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. വെള്ളിയാഴ്ച പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ് വാദിച്ച അഭിഭാഷകരുമായി ചർച്ചചെയ്തും വിധിപ്പകർപ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ. യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിക്ക് സ്റ്റേയില്ലെന്ന അസാധാരണ സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പമുള്ളതിനാലാണ് നിയമവശം പരിശോധിക്കുന്നത്.

യുവതികൾക്ക് പ്രവേശനമാകാം എന്ന സർക്കാരിന്റെ നിലപാടുതന്നെയായിരുന്നു കഴിഞ്ഞദിവസം എ. പദ്മകുമാർ അധ്യക്ഷനായ ബോർഡിനുണ്ടായിരുന്നത്. എന്നാൽ ഇതിനൊപ്പം ആചാരസംരക്ഷണം എന്ന ബാധ്യതയും നിറവേറ്റണമായിരുന്നു. സർക്കാർ നിലപാടിനും ആചാരസംരക്ഷണത്തിനുമിടയിൽ ദേവസ്വംബോർഡ് ഞെരുങ്ങിയപ്പോൾ പ്രസിഡന്റും അംഗങ്ങളും കേട്ട പഴിക്ക്‌ കണക്കില്ലായിരുന്നു.

പുനഃപരിശോധനാ ഹർജിപോലും നൽകാതെ ബോർഡ് സർക്കാരിന്റെ ഭാഗംമാത്രം കേട്ടു എന്നായിരുന്നു ആക്ഷേപം. എന്നാൽ ഇപ്പോൾ, സർക്കാരിന് പഴയ കടുംപിടിത്തമില്ല എന്നത് ബോർഡിന് ആശ്വസിക്കാവുന്ന കാര്യമാണ്. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡ് യുവതീപ്രവേശത്തിന് എതിരായിരുന്നു. ആചാരസംരക്ഷണത്തിൽ അന്നത്തെ യു.ഡി.എഫ്. സർക്കാരും ഉറച്ചുനിന്നു.

വിശാല ബെഞ്ചിലേക്ക് കേസ് വിട്ടതോടെ, 2018-ലെ വിധിയാണോ യുവതികൾക്ക് വിലക്കേർപ്പെടുത്തിയ പഴയ നിലയാണോ തുടരേണ്ടതെന്നാണ് ദേവസ്വംബോർഡ് പരിശോധിക്കുക. ഏതായാലും, ഇക്കാര്യത്തിൽ എടുത്തുചാടില്ല. സർക്കാരിന്റെ തീരുമാനവും അറിയണം. എല്ലാം പരിശോധിച്ചേ ബോർഡിന്റെ പ്രതികരണമുണ്ടാകൂ. വെള്ളിയാഴ്ചത്തെ ബോർഡ് യോഗത്തിൽ ചർച്ചകൾ നടക്കുമെന്നു നിയുക്ത പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

പ്രവേശനവിലക്കില്ലെങ്കിൽ യുവതികൾ ഇനിയും സന്നിധാനത്ത് എത്തിക്കൂടെന്നില്ല. കഴിഞ്ഞവർഷം കൊച്ചിയിലെത്തി തിരിച്ചുപോകേണ്ടിവന്ന തൃപ്തി ദേശായി വീണ്ടും വരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികളെത്തിയാൽ തടയുമെന്നു സംഘപരിവാർ സംഘടനകളും പറയുന്നു. ഇതോടെ ശബരിമല വീണ്ടും സംഘർഷഭൂമിയാകുമോ എന്നാണ് ആശങ്ക. ബിന്ദുവും കനകദുർഗയും പോലീസ് സംരക്ഷണത്തിൽ ദർശനം നടത്തിയശേഷം ശബരിമലയിലെത്താൻ ശ്രമിച്ച യുതികളെ പോലീസ് നിർബന്ധിപ്പിച്ച് തിരിച്ചയച്ചിട്ടേയുള്ളു. ഈ സാഹചര്യവും ബോർഡിനു മുന്നിലുണ്ട്. ബോർഡിന് പരീക്ഷണകാലമാണിത്.

Content Highlights: sabarimala review verdict; travancore devaswom board will take a decision after getting legal advice