പന്തളം: 2018 സെപ്റ്റംബർ 28-ലെ വിധിക്കുശേഷം ഒക്ടോബർ രണ്ടിന് പന്തളത്തെ ഇളക്കിമറിച്ച് നടത്തിയ നാമജപപ്രാർഥനയുടെ ഓർമയായിരുന്നു ഭക്തരുടെ മനസ്സിൽ. പന്തളത്ത്‌ നടന്ന പ്രാർഥനയ്ക്കുശേഷം മറ്റുപല സ്ഥലങ്ങളിലും നാമജപയാത്രകളും നടന്നു. പ്രാർഥനയ്ക്ക്‌ ഫലമുണ്ടായെന്ന് നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയ പന്തളം കൊട്ടാരം ഭാരവാഹികളും ഭക്തജനസംഘടനകളും പറയുന്നു.

വ്യാഴാഴ്ച രാവിലെമുതൽ വലിയകോയിക്കൽ ക്ഷേത്രത്തിനുമുമ്പിൽ പ്രാർഥനാനിരതരായി ഭക്തർ ഇരുന്നു. പത്തരയ്ക്ക് വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ശരണംവിളികൾ മുഴങ്ങി. ശരണംവിളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചു.

വിധിയെ സ്വാഗതംചെയ്ത് സംഘടനകൾ

വിധിയെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നതായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി അറിയിച്ചു. അയ്യപ്പഭക്തർക്ക് ആശ്വാസം തരുന്ന വിധിയാണിതെന്ന് ജനറൽ സെക്രട്ടറി ആർ.കെ.ജയകുമാരവർമ പറഞ്ഞു.

ആചാരങ്ങൾക്ക് അനുകൂലമായ വിധി അയ്യപ്പന്റെ പ്രസാദമാണെന്ന്‌, ക്ഷത്രിയക്ഷേമസഭ പന്തളം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.രാഘവവർമരാജ, സെക്രട്ടറി ജ്യോതി ശക്തികുമാർ വർമ എന്നിവർ പറഞ്ഞു.

വിധി പുനഃപരിശോധിക്കാനുള്ള തീരുമാനമാണ് ഏഴംഗബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള ഉത്തരവെന്ന് ക്ഷേത്രാചാരസംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാർ, സെക്രട്ടറി പൃഥ്വിപാൽ എന്നിവർ പറഞ്ഞു.

ഭക്തരുടെ മനസ്സുരുകിയുള്ള പ്രാർഥനയുടെ ഫലമാണ് വിധിയെന്ന് യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, സെക്രട്ടറി ഇ.നാരായണൻ പോറ്റി എന്നിവർ പറഞ്ഞു.

വിശ്വാസികൾക്ക് അനുകൂലമായുണ്ടായ വിധിയെ സ്വാഗതംചെയ്യുന്നതായി അയ്യപ്പസേവാസംഘം അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.രവി, ഭക്തജനസംഘം പ്രസിഡന്റ് എം.ബി.ബിജുകുമാർ, തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല, വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പ്രസിഡന്റ് പൃഥ്വിപാൽ, ശരത് കുരമ്പാല എന്നിവർ അറിയിച്ചു.

Content Highlights: sabarimala review verdict; namajapam held at panthalam