പത്തനംതിട്ട: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിയിലെ സുപ്രീംകോടതിവിധിയിൽ കണ്ണുനട്ട് പത്തനംതിട്ട ജില്ല. ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ വിധിപ്രഖ്യാപനത്തിന്റെ അലയൊലി പ്രതിഫലിക്കും. മണ്ഡലകാലം പടിവാതിൽക്കൽ എത്തിനിൽക്കേയാണ് വിധി വരുന്നത് എന്നതിനാൽ, പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.

വിധി വിലയിരുത്തി ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ മാറ്റംവരുത്തുന്ന കാര്യവും പോലീസിന്റെ പരിഗണനയിലുണ്ട്. നിലവിൽ അഞ്ചുഘട്ടത്തിലായി രണ്ടായിരത്തിലധികം പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും, വിധി വിലയിരുത്തിയശേഷം വനിതാ പോലീസിന്റെയടക്കം എണ്ണത്തിൽ വർധന വരുത്തണോയെന്ന് തീരുമാനിക്കും. പരസ്യപ്രതിഷേധങ്ങളടക്കമുള്ളവ ഉണ്ടായാൽ നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.

2018 സെപ്റ്റംബർ 28-ന് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുളള വിധി വന്നപ്പോൾ സമരങ്ങളുടെ പ്രഭവകേന്ദ്രമായി പത്തനംതിട്ട ജില്ല മാറി. പന്തളത്താണ് ആദ്യം പ്രതിഷേധത്തിന് തുടക്കമായത്. പിന്നീട് നാടെങ്ങും അരങ്ങേറിയ നാമജപഘോഷയാത്രയിൽ സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

വിധിപ്രഖ്യാപനദിനത്തിൽ രാവിലെ ഏഴുമുതൽ എല്ലാ വീടുകളിലും നാമജപം നടത്താനാണ് അയ്യപ്പസേവാസമാജത്തിന്റെയും സംഘപരിവാർ സംഘടനകളുടെയും തീരുമാനം. വിധി അനുകൂലമായാൽ ആഹ്ലാദപ്രകടനം വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. വിധി എതിരായാൽ തുടർന്നുള്ള പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകാൻ വെള്ളിയാഴ്ച യോഗം ചേരാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates, Sabarimala supreme court verdict