കൊച്ചി: ശബരിമലയിൽ വാഹനങ്ങൾ പോലീസ് മറിച്ചിട്ട് തകർത്തെന്ന് ഹൈക്കോടതിയിൽ ആക്ഷേപം. അതിന്റെ ചിത്രങ്ങളും സി.ഡി.യും ഹർജിക്കാർ ഹാജരാക്കി. അക്കാര്യം പരിശോധിച്ചോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പോലീസ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടിയെടുത്തോ എന്നും ചോദിച്ചു.

വീഡിയോയും ചിത്രങ്ങളും പരിശോധിച്ച് വാഹനങ്ങൾ തകർത്തവരുടെ പേരിലെടുത്ത നടപടി അറിയിക്കാൻ സർക്കാരിനോട് നിർദേശിച്ച് ഹർജി മാറ്റി. പ്രൊഫഷണൽ സ്വഭാവമുള്ള സേനയാണ് പോലീസെന്ന് കോടതി ഓർമിപ്പിച്ചു. ശബരിമലയിലും പോലീസ് പ്രൊഫഷണൽ സ്വഭാവം പുലർത്തണം. അല്ലാത്തവരുടെ പേരിൽ ഈ കേസിൽ സ്വീകരിക്കുന്നതുപോലുള്ള നടപടി മേലിൽ എല്ലാ കേസിലും എടുക്കണമെന്നും പറഞ്ഞു.

പോലീസ് തത്ത്വദീക്ഷയില്ലാതെ ഭക്തരുടെപേരിൽ കുറ്റം ചുമത്തുന്നുവെന്നുകാണിച്ച് പത്തനംതിട്ട സ്വദേശി സുരേഷ് കുമാറും മറ്റും നൽകിയ ഹർജി പരിഗണിക്കവേയാണിത്. കുറ്റം ചെയ്തവരുടെ പേരിൽ മാത്രമേ നടപടിയെടുക്കാവൂ എന്ന് കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. തുലാമാസപൂജയുടെ കാലത്തെ അതിക്രമങ്ങളുടെ വീഡിയോദൃശ്യങ്ങൾ നോക്കിയാണ് നടപടിയെന്നും കുറ്റം ചെയ്തവർക്ക് രക്ഷപ്പെടാനാവില്ലെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു.

സമാധാനപരമായി നടത്തിവന്ന നാമജപയജ്ഞം നിരോധനാജ്ഞ വന്നതോടെ അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ, നാമജപയജ്ഞത്തിൽ പങ്കെടുത്ത ഭക്തരുടെയും കണ്ടുനിന്നവരുടെയും മറ്റും പേരിൽ സംഭവസ്ഥലത്തെ ചിത്രങ്ങൾ നോക്കി പോലീസ് കേസെടുക്കുകയാണെന്നാണ് ആക്ഷേപം.