നിലയ്ക്കൽ: തുലാമാസ പൂജയ്ക്ക് ശബരിമല ദർശനം കാത്ത് രണ്ട് ദിവസത്തോളം നിലയ്ക്കലിൽ കാത്തിരുന്ന അയ്യപ്പഭക്തർ നിരാശയോടെ മടങ്ങി. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് എത്തിയ നാനൂറോളം ഭക്തരാണ് നിലയ്ക്കലിൽനിന്നും തിരികെപ്പോയത്. ശനിയാഴ്ച വൈകീട്ട് മുതൽ നിലയ്ക്കലെത്തിയവർ കൂട്ടത്തിലുണ്ടായിരുന്നു.

കനത്തമഴയും മണ്ണിടിച്ചിൽ ഭീഷണിയുംകാരണം ഞായറാഴ്ചയും തിങ്കളാഴ്ചയും ദർശനമില്ലെന്നും ചൊവ്വാഴ്ച പ്രവേശനമുണ്ടായേക്കുമെന്നും അറിയിച്ചതോടെയാണ് ഭക്തർ വിരിവെച്ചത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ കിടന്നുറങ്ങി. ഭക്ഷണം പാകം ചെയ്യാനും വിരിവെയ്ക്കാനും അനുവാദമില്ലാത്തതുകൊണ്ട് ആവശ്യമായ സാധനങ്ങൾ ആരും കരുതിയിരുന്നില്ല. നിലയ്ക്കലിൽ ഒരു ഹോട്ടൽ മാത്രമാണ് തുറന്നത്. പമ്പ പോലീസും അയ്യപ്പസേവാ സംഘം പ്രവർത്തകരും ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയിരുന്നു. ദർശനം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൂല സാഹചര്യമുണ്ടായിട്ടും മടങ്ങാതെ എല്ലാവരും തങ്ങിയതും.

എന്നാൽ നട അടയ്ക്കുന്ന 21 വരെ ഭക്തർക്ക് പ്രവേശനം ഇല്ലെന്ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പമ്പ പോലീസ് അറിയിച്ചതിനെ തുടർന്ന് ഭക്തർ പ്രതിഷേധിച്ചു. ജീപ്പിന് മുന്നിലിരുന്ന് ശരണം വിളിച്ചു. ഏറെക്കഴിഞ്ഞ് വൈകീട്ടോടെ സംഘങ്ങൾ നിരാശയോടെ തിരിച്ചുപോയി. ഇത്രയുംപേരെയെങ്കിലും സംഘങ്ങളായി പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കണമെന്നും മറ്റും ഭക്തർ ആവശ്യപ്പെട്ടെങ്കിലും അനുമതിയില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം.