കോട്ടയം: ശബരിമല തീർഥാടകർ ഇടത്താവളങ്ങളിൽ രാത്രി വിരിവെയ്ക്കുന്നതും യാത്രാമധ്യേ കുളിക്കുന്നതും വിലക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ബാക്കി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. തുലാമാസപൂജയ്ക്ക് പമ്പാസ്നാനം ഒഴിവാക്കിയിരുന്നു.കുളിക്കുന്നതിന് ഷവറുള്ള പ്രത്യേക ഇടം സജ്ജമാക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, ഇതിനുള്ള ക്രമീകരണം ആര് ചെയ്യുമെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ വലിയ മുന്നൊരുക്കമുള്ള ഈ പരമ്പരാഗത തീർഥാടനത്തിൽ മുൻകാലങ്ങളിൽ സ്നാനഘട്ടങ്ങളിലെ സജ്ജീകരണം റവന്യൂ അധികാരികളാണ് നടത്തിയിരുന്നത്. ഇക്കുറി സ്‌നാനഘട്ടങ്ങൾ ഒഴിവാക്കുന്നതിനാൽ ബദൽ എവിടെ എന്ന ചോദ്യമുണ്ട്.

ഷവർ, പൊതുഇടവുമായി ഇടകലരാത്ത കുളിപ്പുര എന്നിവ സജ്ജമാക്കാൻ വലിയ ചെലവ് വരും. അത് കുളത്തിനോ പുഴയ്‌ക്കോ തോടിനോ സമീപമാകരുതെന്നാണ് വെള്ളം ഇടകലരരുതെന്ന നിർദേശത്തിൽനിന്ന് മനസ്സിലാകുന്നത്. പമ്പയിലും എരുമേലിയിലും പന്തളത്തും ദേവസ്വം ബോർഡ് ഷവറുകൾ സജ്ജമാക്കും. പക്ഷേ, മറ്റ് പ്രധാന താവളങ്ങളിൽ എന്താണ് ബദലെന്ന് നിശ്ചയമില്ല.പൊതു ടോയ്‌ലെറ്റുകളുടെയും കുളിമുറികളുടെയും ഉപയോഗത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിക്കുന്നു.രാത്രി വിരിവെയ്ക്കുന്നതിലെ വിലക്കിലും ഈ പ്രായോഗിക പ്രശ്നമുണ്ട്. ദൂരെനിന്ന് യാത്രചെയ്ത് വരുന്നവർ അല്പസമയം വിശ്രമിക്കുന്നതിനാണ് പരമ്പരാഗത ഭാഷയിൽ വിരിവെയ്ക്കുക എന്ന് പറയുന്നത്. ഇത് പൂർണമായും എങ്ങനെ ഒഴിവാക്കാനാകും എന്നതിൽ സംശയം ബാക്കി. സാമൂഹിക അകലം പാലിക്കുകയും വേണം. ശബരിമല തീർഥാടനം എന്നത് കൂട്ടായ്മയുടെ യാത്രയാണ്. ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് സംഘം നീങ്ങുന്നത്. അദ്ദേഹമാണ് ആചാര്യൻ.

തമിഴ്‌നാട്, കർണാടക, ആന്ധ്ര തീർഥാടകർ പൂർണമായും ഗുരുസ്വാമിയുടെ സംഘങ്ങളായാണ് വരുന്നത്. സംഘങ്ങളെ എങ്ങനെ ഒഴിവാക്കുമെന്നും വിരിവെയ്ക്കാതെ എങ്ങനെ വിശ്രമമില്ലാ യാത്ര നടത്താമെന്നതും അവശേഷിക്കുന്ന അവ്യക്തതയാണ്.പരിമിതി ഏറെ, സുരക്ഷയും പ്രധാനംകോവിഡ് സാഹചര്യത്തിൽ നടക്കുന്ന തീർഥാടനമായതിനാൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രാത്രി ഇടത്താവളങ്ങളിൽ തങ്ങാനും വിരിവെയ്ക്കാനും അനുമതി കിട്ടിയിട്ടില്ല. പൊതുശൗചാലയം ഉപയോഗിക്കുന്നതിലും സുരക്ഷാ പ്രശ്നമുണ്ട്. ഇടത്താവളങ്ങൾ വൻതോതിൽ സജ്ജമാക്കേണ്ടിവരില്ല. അത്രയും തീർഥാടകർ വരുന്നുമില്ല. നിലയ്ക്കൽ പ്രാഥമിക സൗകര്യങ്ങൾ സജ്ജമാക്കും.-എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.