തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമലവിഷയം ഇടതുമുന്നണിയെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ശൈലി മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളെ ഇടതുപക്ഷത്തുനിന്ന് അകറ്റിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് വിലയിരുത്തിയതിനും ശബരിമല തിരിച്ചടിക്ക് കാരണമായെന്ന് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി പ്രതികരിച്ചതിനും പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തിരുത്ത്.

‘‘ശബരിമല തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. അത് ബാധിക്കുമായിരുന്നെങ്കിൽ ബി.ജെ.പി.ക്ക് അതിന്റെ ഗുണം കിട്ടണ്ടേ? പത്തനംതിട്ടയിൽ ബി.ജെ.പി. മൂന്നാംസ്ഥാനത്താണ്. അതുകൊണ്ട് ശബരിമലവിഷയം വല്ലാതെ ബാധിച്ചുവെന്ന് ഞങ്ങൾ കാണുന്നില്ല. എന്നാൽ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്ലാത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിച്ചുനോക്കേണ്ടതുണ്ട്. ആ പരിശോധന നടത്തുന്നുണ്ട്’’ -മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും വിമർശനമുയർന്നിരുന്നു. മുതിർന്ന നേതാവ് എം.എം. ലോറൻസ് മുഖ്യമന്ത്രിയുടെ പേരുപറയാതെ കഴിഞ്ഞദിവസം ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനും മുഖ്യമന്ത്രി മറുപടിനൽകി.

‘‘എന്റെ ശൈലി, എന്റെ ശൈലി തന്നെയായിരിക്കും. അതിന് യാതൊരു മാറ്റവും വരൂല. ആർക്കാണ് ധാർഷ്ട്യമെന്നൊക്കെ ജനങ്ങൾക്ക്‌ അറിയാം. അത് ജനങ്ങൾ വിലയിരുത്തും. ഈ നിലയിലേക്ക് ഞാൻ എത്തിയത് ഇത്രയും കാലത്തുള്ള എന്റെ ശൈലിയിലൂടെയാണ്. ആ ശൈലിയെല്ലാം ഇനിയും തുടരുകതന്നെ ചെയ്യും. അതിനൊരു മാറ്റവും ഉണ്ടാവുകയില്ല’’ -അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ഫലം അപ്രതീക്ഷിതമാണെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് നേതൃത്വം നൽകുന്ന കക്ഷിയും മുന്നണിയും പരാജയപ്പെട്ടാൽ പ്രതിപക്ഷം രാജിയാവശ്യം ഉന്നയിക്കുക പതിവാണ്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും ആലോചനയില്ല. കനത്ത തിരിച്ചടി ഏറ്റുവെന്നത് വസ്തുതയാണെങ്കിലും സർക്കാരിനെതിരായ വിധിയായിട്ടോ വികാരമായിട്ടോ ജനങ്ങൾപോലും ഇതിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: sabarimala, pinaray vijayan , 2019Loksabha Elections