ശബരിമല: വിവാദങ്ങൾ പൂങ്കാവനത്തിന്റെ ശാന്തതയിൽ അസ്വസ്ഥതകളുണ്ടാക്കിയപ്പോഴും സമർപ്പണവും നാമജപവുംകൊണ്ട് ദേവചൈതന്യത്തെ ഭക്തന് പകർന്നുകൊടുത്ത ഭഗവത് സേവകർ നിറഞ്ഞ മനസ്സോടെ മലയിറങ്ങുകയാണ്. നിലവിലെ ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി എം.എൻ.നാരായണൻ നമ്പൂതിരിയുടെയും പൂജാകാലം ശനിയാഴ്ച പൂർത്തിയാകും. മണ്ഡല കാലത്തിന് നടതുറന്ന് പുതിയ മേൽശാന്തിമാരെ അവരോധിച്ചശേഷമാകും ഇരുവരുടെയും മടക്കയാത്ര.

യുവതീപ്രവേശന പ്രക്ഷോഭത്തിന്റെ കനൽ കത്തിനിൽക്കുന്നതിനിടയിലൂടെയാണ് കഴിഞ്ഞ തുലാം മുപ്പതിന് മേൽശാന്തിമാർ മലകയറിയെത്തുന്നത്. ത്രിവേണിയിലെത്തുമ്പോഴും ആശങ്കകൾ മനസ്സിനെ അലട്ടിയിരുന്നതായി ഇരുവരും പറയുന്നു. എന്നാൽ, നീലിമലമടക്കുകൾ ഒാരോന്ന് പിന്നിട്ട് കയറുമ്പോൾ മനസ്സിലൂടെ പമ്പ ഒഴുകുന്നതുപോലെയൊരു തോന്നൽ. പാപനാശിനി എല്ലാം കഴുകിക്കളയുന്നത് ഒാരോ നിമിഷവും അനുഭവിച്ചറിഞ്ഞു. മരങ്ങൾക്കിടയിലൂടെ കൊടിമരത്തുമ്പും ശ്രീകോവിലും കണ്ടതോടെ അയ്യപ്പചൈതന്യം മനസ്സിലും ശരീരത്തിലും നിറയുന്നത് അറിഞ്ഞു. പിന്നീട് ഇന്നുവരെ മറ്റൊന്നിനെപ്പറ്റിയും ചിന്തയില്ല. എല്ലാം എല്ലാം അയ്യപ്പൻ...എല്ലാത്തിനും പൊരുൾ അയ്യപ്പൻ. ഇനിയങ്ങോട്ടും അങ്ങനെതന്നെയെന്ന് ഇരുവരും പറയുന്നു.

മുജ്ജന്മ സുകൃതഫലമായി കിട്ടിയ പൂജാഭാഗ്യത്തിൽ നിറഞ്ഞ സന്തോഷമുണ്ടെങ്കിലും സന്നിധാനത്തുനിന്ന്‌ മടങ്ങേണ്ടി വരുന്നതിലുള്ള സങ്കടത്തിലാണ് രണ്ടുപേരും. ഗായത്രിമന്ത്രം ജപിച്ച് ഇൗശ്വര ഭജനമാത്രം നടത്തി ഭഗവാന്റെയും ഭഗവതിയുടെയും അരികത്ത് നീണ്ടനാൾ കഴിച്ചുകൂട്ടാനുള്ള അവസരം ഇനി ഇൗ ജന്മത്തിലുണ്ടാകില്ലെന്ന തിരിച്ചറിവിലാണിവർ. ഒരുനിമിഷമെങ്കിലും ഒന്നു നിൽക്കാൻ കോടിക്കണക്കായ ഭക്തർ കൊതിക്കുന്നിടത്താണ് ഒരുവർഷം പുറപ്പെടാശാന്തിമാരായി കഴിഞ്ഞതെന്നു പറയുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. അടുത്ത മണ്ഡലകാലത്ത് ശരണംവിളികൾ മാത്രം നിറയുന്ന, ഭഗവാനും ഭക്തനും മാത്രമുള്ള, സന്നിധാനത്തിനായി പ്രാർഥിക്കുകയാണിരുവരും.

Content Highlights: sabarimala melshanthi vn vasudevan namboothiri and malikappuram melshanthi mn narayanan namboothiri