പത്തനംതിട്ട: ശബരിമല മാസപൂജയ്ക്ക് പത്തുദിവസം നട തുറക്കാനുള്ള നീക്കം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. നട തുറക്കുന്നതിന് നിലവിലുള്ള ദിവസക്രമം മാറ്റുന്നതിൽ തന്ത്രി കണ്ഠര് രാജീവര് വിയോജിച്ചതാണ് കാരണം. മാത്രമല്ല, പത്തുദിവസമാക്കിയാൽ നേട്ടത്തെക്കാൾ കൂടുതൽ നഷ്ടമുണ്ടാകുമെന്നും ബോർഡ് വിലയിരുത്തി.

നേരത്തേ മണ്ഡല-മകരവിളക്ക് തീർഥാടനകാലയളവിൽ വരുമാനം കുറഞ്ഞതോടെയാണ് മാസപൂജ പത്തുദിവസമാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചത്. തന്ത്രിയുടെ നിർദേശമനുസരിച്ച് തീരുമാനിച്ചാൽമതിയെന്നാണ് സർക്കാർ ബോർഡിനോട് പറഞ്ഞത്. അതേസമയം, കുംഭമാസപൂജയ്ക്കായി നട തുറക്കുന്ന സമയത്ത് പ്രതിദിനം 15,000 തീർഥാടകരെവീതം പ്രവേശിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. തീർഥാടനകാലത്തെ നഷ്ടം നികത്താൻ കുംഭമാസംമുതൽ കൂടുതൽ ഭക്തരെ അനുവദിക്കണമെന്നാണ് ബോർഡിന്റെ നിലപാട്.

സംസ്ഥാനത്തെ കോവിഡ് ഗ്രാഫ്‌ ഉയരുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പിന്റെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാകുക. തീർഥാടകരുടെ എണ്ണം ഉയർത്തുന്നതിന് പോലീസിന് എതിർപ്പില്ലെന്നാണ് സൂചന. കുംഭമാസപൂജയ്ക്കായി 12-നാണ് നട തുറക്കുക. മകരവിളക്കിന് സമാനമായി വെർച്വൽ ക്യൂവഴി ബുക്കുചെയ്തെത്തുന്നവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി. നിലയ്ക്കലിൽ ആന്റിജൻ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ എത്തുന്നവർ 24 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. 14-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനത്തിനെത്തും.

തീർഥാടനത്തിന്റെ തുടക്കത്തിൽ പ്രതിദിനം 2000 വീതവും, മകരവിളക്ക് സമയത്ത് 5000 വീതവും തീർഥാടകരെയാണ് അനുവദിച്ചത്. ഈ സാഹചര്യത്തിൽ ബോർഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. ആകെ 21 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇതോടെ ബോർഡിന്റെ ദൈനംദിന കാര്യങ്ങൾപോലും ബുദ്ധിമുട്ടിലാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ബോർഡിന്റെ പ്രവർത്തനം എന്നിവയ്ക്ക് മാസം 50 കോടി രൂപയാണ് വേണ്ടത്. ഈ അവസ്ഥയിൽ സർക്കാരിൽനിന്ന് അടിയന്തരസഹായം കിട്ടിയാൽമാത്രമേ ബോർഡിന് മുന്നോട്ടുപോകാനാകൂ.

Content Highlights: Sabarimala Masa Pooja