തിരുവനന്തപുരം: ദേവസ്വംബോർഡ് മുൻകൈയെടുത്ത് ശബരിമലയിൽ യുവതികളെ കൊണ്ടുപോകില്ലെന്ന് പ്രസിഡന്റ് എൻ. വാസു. യുവതികളെ പ്രവേശിപ്പിക്കണമെന്നു പ്രത്യക്ഷമായോ പരോക്ഷമായോ ബോർഡ് അഹ്വാനംചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. സ്വമേധയാ ആരെങ്കിലുംവന്നാൽ അത് തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ല. തടയാൻ തങ്ങൾക്കാവില്ല. ബോർഡിന് അതിനുള്ള സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യബോർഡ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് എൻ. വാസു നിലപാട് വ്യക്തമാക്കിയത്.

ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ പോലീസും സർക്കാർ ഏജൻസികളും നോക്കും. 2018 സെപ്റ്റംബർ 28 -ലെ വിധി നിലനിൽക്കുകയാണ്. സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിയിൽ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ട്. ഇതിൽ വ്യക്തത വരുത്താൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി കിട്ടും. അതിനുശേഷമേ വ്യക്തമായ നിലപാട് പറയാനാകൂ. നേരത്തേയുള്ള വിധിക്ക് സ്‌റ്റേ ഉണ്ടായിരുന്നെങ്കിൽ ആശയക്കുഴപ്പം വരില്ലായിരുന്നു. വിധിയിൽ വ്യക്തത തേടി കോടതിയെ സമീപിക്കണമോ എന്നതിലും നിയമോപദേശം തേടിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് എന്ന പദത്തോട് വെറുപ്പില്ല. ആക്ടിവിസം ഏന്തെങ്കിലും ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയാണ്. എന്നാൽ, ശബരിമലയിലെ സമാധാനാന്തരീക്ഷത്തിന് തുരങ്കംവെയ്ക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നു വാസു പറഞ്ഞു. കഴിഞ്ഞ തീർഥാടനക്കാലത്ത് സമാധാനാന്തരീക്ഷം തകർത്തത് ആരെന്ന് എല്ലാവർക്കും അറിയാം. 36 യുവതികൾ ദർശനത്തിന് രജിസ്റ്റർ ചെയ്തതിനെപ്പറ്റി അറിയില്ലെന്നും അതൊക്കെ പോലീസാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അംഗങ്ങൾ നാലുദിവസം ആസ്ഥാനത്ത്

കോടതി ഉത്തരവിനെപ്പറ്റിയും ശബരിമലയിലെ ഒരുക്കങ്ങളെപ്പറ്റിയും ബോർഡ്‌യോഗം ചർച്ച ചെയ്തു. ഭരണപരമായകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്ചയും ബോർഡ്‌യോഗം നടക്കുന്നുണ്ട്. ഇനിമുതൽ ആഴ്ചയിൽ നാലുദിവസം പ്രസിഡന്റോ അംഗങ്ങളോ ബോർഡ്ആസ്ഥാനത്ത് ഉണ്ടാകും. ശബരിമലയിൽ ഒരുക്കങ്ങൾ പൂർണമാണെന്നും മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാവുന്ന പോരായ്മകളേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പുതിയ അംഗം കെ.എസ്. രവി, നിലവിലെ അംഗം എൻ. വിജയകുമാർ എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

Content Highlights: Sabarimala Malayalam news, Sabarimala Women Entry,Sabarimala supreme court verdict