ശബരിമലയിലെ യുവതീപ്രവേശത്തിന് വഴിയൊരുക്കുന്ന ഒരു നിലപാടും സർക്കാർ സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയിൽ ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ട്. അതിനാൽ, വ്യക്തതയുള്ള തീരുമാനം സുപ്രീംകോടതിയിൽനിന്നുണ്ടാകുന്നതുവരെ യുവതീപ്രവേശം അനുവദിക്കേണ്ടതില്ല. വിധിയിൽ വ്യക്തതവരുത്താൻ സർക്കാർ മുന്നിട്ടിറങ്ങേണ്ടതില്ലെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ജഡ്ജിമാരുടെ ന്യൂനപക്ഷ നിലപാടിനൊപ്പം

ശബരിമലവിധിയെ സംബന്ധിച്ച് വിശദമായ ചർച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. ഭരണഘടനയാണ് വലിയ വേദപുസ്തകം എന്ന പരാമർശിച്ച രണ്ടു ജഡ്ജിമാരുടെ ന്യൂനപക്ഷനിലപാടിനൊപ്പമാണ് സി.പി.എം. എന്നാൽ, അക്കാര്യം പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. ശബരിമല കേസിൽ സി.പി.എം. നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. അതിനാൽ, ഇപ്പോഴത്തെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ മറ്റൊരു പ്രസ്താവനയുടെ ആവശ്യമില്ലെന്ന ‘രാഷ്ട്രീയ തന്ത്ര’മാണ് സി.പി.എം. സ്വീകരിച്ചത്.

യുവതികളെ തിരിച്ചയയ്ക്കും

മണ്ഡലകാലത്ത് യുവതികൾ എത്തിയാൽ എന്തുനിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലും സെക്രട്ടേറിയറ്റിൽ വ്യക്തതയുണ്ടാക്കി. വിധിയിൽ പുനഃപരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി തീരുമാനിച്ചതിനാൽ നേരത്തേയുള്ള വിധി നടപ്പാക്കാതിരിക്കുന്നത് കോടതിയലക്ഷ്യമാകില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. അതിനാൽ, യുവതീപ്രവേശത്തിന് അനുകൂലനടപടി സർക്കാർ സ്വീകരിക്കേണ്ടതില്ല. പോലീസ് സഹായവും നൽകേണ്ടതില്ല. മലകയറാനെത്തുന്ന യുവതികളെ സുപ്രീംകോടതിവിധിയുടെ അവ്യക്തത ബോധ്യപ്പെടുത്തി തിരിച്ചയക്കും. ഇതാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തീരുമാനം.

ഓൺലൈനിൽ രജിസ്റ്റർചെയ്തവർക്ക് പ്രവേശനാനുമതി നൽകേണ്ട

എന്നാൽ, ശബരിമലയിലേക്ക് പോകാനായി ഓൺലൈനായി പലയുവതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കക്ഷികളായവർപോലും മലകയറാനായി ഇത്തവണയെത്തുമെന്ന സൂചനയുമുണ്ട്. ഇവർക്കും പ്രവേശനാനുമതി നൽകേണ്ടതില്ലെന്ന രാഷ്ട്രീയതീരുമാനമാണ് സി.പി.എം. കൈകൊണ്ടത്. ഇത് മുൻനിലപാടിൽനിന്നുള്ള പാർട്ടിയും സർക്കാരും പിന്നാക്കം പോയതായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്. അത് തിരിച്ചറിഞ്ഞ് ഇടപെടാനാകണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

ബോധ്യപ്പെടുത്തേണ്ട ബാധ്യത മലകയറുന്നവർക്ക്

യുവതീപ്രവേശം അനുവദിച്ചുള്ള കോടതിവിധി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മലകയറാനെത്തുന്നവർക്കുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക. വിധിയുടെ കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യതയും സർക്കാരിനില്ല. കോടതിവിധി നടപ്പാക്കാനുള്ള ബാധ്യതമാത്രമാണ് സർക്കാരിനുള്ളത്. അതിനപ്പുറത്തേക്ക് ഒരു തിടുക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതില്ലെന്നാണ് സി.പി.എം. തീരുമാനിച്ചത്.

Content Highlghts: Sabarimala Malayalam news, Sabarimala Women Entry,Sabarimala supreme court verdict