തിരുവനന്തപുരം: സുപ്രീംകോടതിവിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കുറി ശബരിമലയിൽ പോലീസ് സംരക്ഷണത്തിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രവേശനം ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാൽ അവരെ പമ്പയിലോ അതിനുമുമ്പോ വെച്ച് പിന്തിരിപ്പിക്കാനാണ് ആലോചന. നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്.

തീർഥാടനപ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നടക്കം യുവതികൾ ദർശനത്തിനായി പോലീസിന്റെ ഓൺലൈൻ സംവിധാനംവഴി ബുക്ക് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെ ഇടപെടാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

യുവതീപ്രവേശത്തിന്റെപേരിൽ നടക്കുന്ന പ്രശ്നങ്ങൾകാരണം ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം കുറയും. ഇത് ശബരിമലയുടെ യശസ്സിന് മങ്ങലേൽപ്പിക്കുന്നതോടൊപ്പം വരുമാനത്തെയും ബാധിക്കുമെന്നു സർക്കാർ കരുതുന്നു.

ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല -കടകംപള്ളി

ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും പ്രവേശനത്തിനെത്തുന്ന യുവതികൾക്ക് പോലീസ് സംരക്ഷണം നൽകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ഇപ്പോൾ നടക്കുന്നതുപോലെത്തന്നെ കാര്യങ്ങൾ നടക്കുമെന്നും വിശ്വാസികളെ എതിരാക്കാൻ ആരും നോക്കേണ്ടെന്നും മന്ത്രി എ.കെ. ബാലനും പ്രതികരിച്ചു.

Content Highlights: Sabarimala Malayalam news, Sabarimala Women Entry,Sabarimala supreme court verdict