തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സർക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നൽകിയത്. നിയമസെക്രട്ടറി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത എന്നിവരോടും സർക്കാർ അഭിപ്രായം തേടിയിരുന്നു.

വിശാല ബെഞ്ചിന്റെ വിധിവന്നശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതുമാറി. ഫലത്തിൽ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധി മരവിപ്പിക്കുന്നതിന് തുല്യമാണിത്. ഈ സാഹചര്യത്തിൽ 2018 സെപ്റ്റംബർ 28-ലെ വിധിക്കുമുമ്പുള്ള സ്ഥിതി നിലനിൽക്കുന്നുവെന്ന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങൾ സർക്കാരിനെ അറിയിച്ചത്.

നിയമസെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന്റെ ഭാഗമെന്ന് പൊതുവിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതിനാലാണ് ജയദീപ് ഗുപ്തയോടും അഭിപ്രായം തേടിയത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹവും സർക്കാരിനെ അറിയിച്ചു.

ക്ഷേത്രപ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കയാണ്. അതിനാൽത്തന്നെ യുവതീപ്രവേശം സംബന്ധിച്ച വിധി സ്തംഭനാവസ്ഥയിലാണ്. വിധിയിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം നടപടികളാകാം. വിശാല ബെഞ്ചിന്റെ വിധിക്കുശേഷം പുനഃപരിശോധനാ ഹർജികളിൽ തീർപ്പാക്കാൻ കാലതാമസം ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു.

കയറേണ്ടവർ ഉത്തരവുമായി വരട്ടെ -കടകംപള്ളി

:ശബരിമലയിൽ കയറണമെന്ന് നിർബന്ധമുള്ളവർ കോടതി ഉത്തരവുമായി വരട്ടെ. ശബരിമലയിലെത്തുന്ന യുവതികൾക്ക് പോലീസ് സംരക്ഷണം നൽകില്ല. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. യുവതികളെ കയറ്റാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. തൃപ്തി ദേശായിയെപ്പോലുള്ളവരുടെ ലക്ഷ്യം സ്വന്തം പ്രചാരണം മാത്രമാണ്. നാടിന്റെ സമാധാനത്തിനായി മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.

-ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

സുരക്ഷ: മാറ്റംവേണോയെന്ന് പരിശോധിക്കും

: വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വേണോയെന്നത് പരിശോധിക്കും. ചീഫ് പോലീസ് കോ-ഓർഡിനേറ്ററുമായി കൂടിയാലോചന നടത്തും. ഉടൻ അന്തിമ തീരുമാനമുണ്ടാകും. എന്ത് സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണ്. അത് പോലീസിന്റെ ഉത്തരവാദിത്വമാണ്.- ഡി.ജി.പി. ലോക്നാഥ് ബെഹ്റ

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates, Sabarimala supreme court verdict