ശബരിമല: തീർഥാടകകണ്ഠങ്ങളിൽനിന്ന് അയ്യപ്പശരണമന്ത്രങ്ങൾ ഉയർന്നു. നൂറുകണക്കിന് അയ്യപ്പഭക്തർ പൊന്നമ്പലമേട്ടിൽ കണ്ണും മനവുമർപ്പിച്ച് കാത്തിരുന്നു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. സന്ധ്യക്ക് സമയം 6.40 കഴിഞ്ഞപ്പോൾ അങ്ങകലെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ആദ്യം ഒരുതവണ മിന്നിത്തെളിഞ്ഞ് മറഞ്ഞ ജ്യോതി പിന്നീട് രണ്ടുതവണകൂടി പ്രത്യക്ഷമായി. മാനത്ത് മകരനക്ഷത്രം തെളിഞ്ഞു. വ്രതശുദ്ധിയുടെ കരുത്തുമായി നാഴികകൾ താണ്ടിയും അല്ലാതെയുമായി എത്തിയ അയ്യപ്പഭക്തർക്ക് കാത്തിരിപ്പിന്റെ സാഫല്യം. മകരജ്യോതി ദർശിച്ച് മനംനിറഞ്ഞ് അവർ മലയിറങ്ങി.

പന്തളം കൊട്ടാരത്തിൽനിന്ന് രാജാവ് കൊടുത്തയച്ച തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന് നേരത്തേ ശ്രീകോവിലിൽ ദീപാരാധന നടന്നു. അപ്പോൾ ഭക്തിപൂർവം കർപ്പൂരം കത്തിച്ച് സ്വാമിമാർ അഗ്നിയുടെ ആഴിതീർത്തു.

വൈകീട്ട് അഞ്ചിന് നടതുറന്നു. 12-ന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയായ വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകീട്ട് 5.55-ന് ശരംകുത്തിയിലെത്തിയപ്പോൾ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസർ ഗോപകുമാർ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് തിരുവാഭരണത്തറയിൽ സ്വീകരിച്ചു. തുടർന്ന് അയ്യപ്പസേവാസംഘം ഒരുക്കിയ കർപ്പൂരദീപം, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ 6.10-ന് സന്നിധാനത്തേക്ക് ആനയിച്ചു.

പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം അടങ്ങുന്ന പേടകം പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ബോർഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പൻ, കളക്ടർ പി.ബി. നൂഹ്, സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.കെ. ജയരാജൻ പോറ്റി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ശ്രീകോവിലിൽ അയ്യപ്പസ്വാമിക്ക് ചാർത്തി. തങ്കക്കുടവും കൊടിയും അടങ്ങുന്ന രണ്ടു പേടകങ്ങളും മാളികപ്പുറത്തേക്ക് കൊണ്ടുപോയി.