പത്തനംതിട്ട: കുംഭമാസപൂജകൾക്ക് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. 3000 പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശം. യുവതികൾ ദർശനത്തിെനത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ എതിർപ്പുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരക്ഷ.

യുവതീപ്രവേശവിധി പുനഃപരിശോധിക്കണോ എന്നകാര്യത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിവിധ കക്ഷികളുടെ നിലപാട് എഴുതിനൽകാനാണു നിർദേശിച്ചിട്ടുള്ളത്. കോടതിയുടെ തീരുമാനങ്ങളാണ് ശബരിമലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ശ്രദ്ധാകേന്ദ്രമാവുക.

മൂന്ന് എസ്.പി.മാരുടെ ചുമതലയിലാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷ. മാധ്യമ പ്രവർത്തകരടക്കമുള്ളവരെ ചൊവ്വാഴ്ച 10-നുശേഷമേ നിലയ്ക്കൽനിന്ന്‌ വിടൂ എന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. സ്വകാര്യവാഹനങ്ങൾ നിലയ്ക്കൽവരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും.

ശബരിമലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടത്തിലായ കച്ചവടക്കാർക്ക് ലേലത്തുക ബാക്കി അടയ്ക്കാൻ ദേവസ്വം ബോർഡ് സാവകാശം നൽകിയിട്ടുണ്ട്. ഇതോടെ, ഹോട്ടലുകളുംമറ്റും അടച്ചിടേണ്ടിവരുമെന്ന സാഹചര്യം ഒഴിവായിട്ടുണ്ട്. പാതിതുകമാത്രമാണ് ലേലക്കാർ അടച്ചിട്ടുള്ളത്. ശബരിമലയിലെ സാഹചര്യം പരിഗണിച്ച് തുകയുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കാം എന്നാണ് ബോർഡ്‌ പറഞ്ഞത്. എല്ലാവർക്കും കട തുറക്കാനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

content highlights: sabarimala-Kumbha month puja to begin on Tuesday