പത്തനംതിട്ട: ശബരിമല കർമ്മസമിതിയുടെ നിർണായക യോഗം വ്യാഴാഴ്ച പന്തളത്ത് ചേരും. ശബരിമല ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം ഉടനില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ യോഗത്തിന് അതീവ പ്രാധാന്യമുണ്ട്.

സംസ്ഥാന സമിതി യോഗം മുൻകൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് കർമ്മസമിതി നേതാക്കൾ പറയുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായും ആചാരസംരക്ഷണത്തിനും വേണ്ടിയുള്ള തുടർപ്രക്ഷോഭങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

ഉടൻ നിയമനിർമ്മാണം ഇല്ലെന്ന കേന്ദ്രസർക്കാർ നിലപാട് ശബരിമല കർമ്മസമിതി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തിൽ നിയമപരമായ ഇടപെടലുകൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് കർമ്മസമിതി നേതാക്കൾ പറഞ്ഞു. കോടതി തീരുമാനം വൈകില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമുള്ള കേന്ദ്ര നിയമമന്ത്രിയുടെ മറുപടി ഈ പശ്ചാത്തലത്തിലാണെന്നും അവർ കരുതുന്നു.

ശബരിമലയിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർമ്മസമിതിക്കും വിവിധ ഹൈന്ദവ സംഘടനകൾക്കും കേന്ദ്രസർക്കാർ നിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമായ നിയമനിർമ്മാണം ഉൾെപ്പടെയുള്ള നടപടികളുണ്ടാകുമെന്ന് പ്രക്ഷോഭവേളയിൽ ബി.ജെ.പി. ഉറപ്പ്‌ നൽകിയിരുന്നു.

പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കുമെന്ന് പ്രതീക്ഷ

ശബരിമലയിലെ ആചാരസംരക്ഷണത്തിന് ആവശ്യമായ നടപടികൾ ബി.ജെ.പി. പ്രകടനപത്രികയിൽ ഉറപ്പ് നൽകിയിരുന്നു. അതിൽനിന്ന് പിന്നോട്ടുപോകാൻ കഴിയില്ല. കോടതിയുടെ പരിഗണനയിലാണെന്നു മാത്രമാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കോടതിനടപടികൾ നീണ്ടുപോയാൽ നിയമവിധേയമായ ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നു. കർമ്മസമിതി ഇക്കാര്യത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തും- എസ്.ജെ.ആർ.കുമാർ, ശബരിമല കർമ്മസമിതി ജനറൽ കൺവീനർ

content highlights:sabarimala karma samathi,sabarimala,bjp