തിരുവനന്തപുരം: സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാന്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കിയ യു.ഡി.എഫിന്റെ രാഷ്ട്രീയതന്ത്രം എല്‍.ഡി.എഫിനെ മാത്രമല്ല ബി.ജെ.പി.യെയും സമ്മര്‍ദത്തിലാക്കി. ശബരിമല വിഷയം അവഗണിച്ച് ഇല്ലാതാക്കാന്‍ എല്‍.ഡി.എഫും ഏറ്റുപിടിക്കാന്‍ മടിച്ച് ബി.ജെ.പി.യും കാണിച്ച കൗശലം, വിശ്വാസസംരക്ഷണത്തിനുള്ള കരട് നിയമം യു.ഡി.എഫ്. പുറത്തുവിട്ടതോടെ തകര്‍ന്നു.

ഇതോടെ, ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന രീതിയിലേക്ക് ബി.ജെ.പി.യും വിശ്വാസികളെ ചേര്‍ത്തുപിടിച്ചുള്ള വര്‍ഗബോധമാണ് വേണ്ടതെന്ന് സി.പി.എമ്മും നിലപാട് വിശദീകരിച്ചു രംഗത്തെത്തി.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് മനംമാറ്റമുണ്ടെങ്കില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും പിന്നീട് രാഷ്ട്രീയവേദിയില്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും ആ ചൂണ്ടയില്‍ കൊത്താതിരിക്കാനുള്ള കരുതല്‍ സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചു.

കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറഞ്ഞ് രാഷ്ട്രീയവിഷയമാക്കി വളര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍, ശബരിമലയില്‍ സി.പി.എം. മിണ്ടാനില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ മാറിയതോടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും വിശദീകരണവുമായെത്തി. പുനഃപരിശോധന വിധി എല്ലാവരുമായി ചര്‍ച്ചചെയ്ത് മാത്രം നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും വിശദീകരിച്ചത്. നിയമനിര്‍മാണമെന്ന വാദം കാപട്യമാണെന്ന് മുഖ്യമന്ത്രി ഉന്നയിച്ചതോടെയാണ് കരട് പുറത്തുവിട്ട് കോണ്‍ഗ്രസ് ഒരുപടി കൂടി കയറി കളിച്ചത്.

ശബരിമല വിഷയം ചര്‍ച്ചയാക്കുന്നത് യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന തിരിച്ചറിവ് ബി.ജെ.പി.ക്കുണ്ട്. അത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അനുകൂലമാകില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അവരെ ബോധ്യപ്പെടുത്തിയതാണ്. അതിനാലാണ് ശബരിമല പ്രചാരണവിഷയമായി ഏറ്റെടുക്കാന്‍ ബി.ജെ.പി. മടിച്ചത്.

എന്നാല്‍, രാഷ്ട്രീയചര്‍ച്ച ശബരിമല കേന്ദ്രീകരിച്ചായപ്പോള്‍, ക്ഷേത്രഭരണം വിശ്വാസികള്‍ക്കെന്ന മുദ്രാവാക്യത്തിലേക്ക് ബി.ജെ.പി.യും കടന്നു. ഒരേസമയം, കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും കുരുക്കാനുള്ള രാഷ്ട്രീയതന്ത്രമെന്ന നിലയിലാണ് ക്ഷേത്രം വിശ്വാസികള്‍ക്കെന്ന രീതിയിലേക്ക് ചര്‍ച്ചമാറ്റാന്‍ ബി.ജെ.പി. ശ്രമിക്കുന്നത്.

വിശ്വാസികളെ ഇടതുപക്ഷത്തുനിന്ന് അകറ്റാനുള്ള രാഷ്ട്രീയനീക്കമെന്ന നിലയിലാണ് ശബരിമല വിഷയം ചര്‍ച്ചയാക്കുന്നതിനെ സി.പി.എം. കാണുന്നത്. അതിനാല്‍, വിശ്വാസികളില്‍ ആശങ്കയോ ആശയക്കുഴപ്പമോ ഇല്ലാത്ത സമീപനം സ്വീകരിക്കാനാണ് പാര്‍ട്ടിതീരുമാനം. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ പ്രായോഗിക സമീപനം വിശദീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ വിശ്വാസികളെ കൂടെനിര്‍ത്തേണ്ട അനിവാര്യതയാണ് പറഞ്ഞുവെച്ചത്.