ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവത്തിന് നട തുറന്നശേഷം ചൊവ്വാഴ്ച വരെയുള്ള 23 ദിവസത്തെ ശബരിമലയിലെ നടവരവ് 4.07 കോടി രൂപ മാത്രം. കഴിഞ്ഞ തീർത്ഥാടനകാലത്ത് ഇതേ ദിവസത്തേ വരുമാനത്തിന്റെ അഞ്ച്‌ ശതമാനംപോലുമില്ലിത്.

ചൊവ്വാഴ്ച വരെ 4,07,36,383 രൂപയാണ് നടവരവ്. കാണിക്ക, അപ്പം, അരവണ തുടങ്ങിയവയിൽനിന്നുള്ളതാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസംവരെയുള്ള വരവ് 82,70,00,000 രൂപയായിരുന്നു. നട തുറന്ന നവംബർ 16 മുതൽ ഡിസംബർ എട്ടുവരെ എകദേശം 34,000 പേർ മാത്രമാണ് ദർശനം നടത്തിയത്.

ഡിസംബർ രണ്ടുവരെ, തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസം 1000 പേർ വീതവും ശനി, ഞായർ ദിവസങ്ങളിൽ 2,000 പേർ വീതവുമാണ് ദർശനം നടത്തിയത്. ഡിസംബർ മൂന്നുമുതൽ ഇത് യഥാക്രമം 2000, 3000 എന്നിങ്ങനെ കൂട്ടി. 15-നുശേഷം ചേരുന്ന അടുത്ത അവലോകനയോഗത്തിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്, സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. സന്നിധാനത്ത് 17 പേർക്ക് കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ കോവിഡ് കണ്ടെത്തിയതും ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു.