കൊച്ചി: ശബരിമല വിഷയത്തിൽ പോലീസിന്റെ പല നടപടികളിലും ഹൈക്കോടതിക്ക് അതൃപ്തി. നവംബർ 16-ന് സന്നിധാനത്തെ മുറികൾ പൂട്ടി താക്കോൽ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തുമണിയോടെ അടയ്ക്കാനുമായിരുന്നു സർക്കുലറുകൾ. അവ ആരുടെ നിർദേശപ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും കോടതി ചോദിച്ചു.

ദേവസ്വംബോർഡിന് പോലീസ് നൽകിയ ഈ ഉത്തരവുകളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശമില്ല. അഡ്വക്കേറ്റ് ജനറലിനെ(എ.ജി.) അറിയിച്ചിട്ടുമില്ല. ഇതിന്റെ പകർപ്പ് കോടതിയാണ് എ.ജി.ക്കു കൈമാറിയത്. ഈ സാഹചര്യം പരിതാപകരമാണെന്ന് കോടതി കുറ്റപ്പെടുത്തി.

സുരക്ഷയുടെ ഭാഗമായാണ് സർക്കുലറുകൾ നൽകിയതെന്ന് എ.ജി. വിശദീകരിച്ചു. ഇവ അന്നുതന്നെ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11-ന് നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണമൊന്നും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.

നിർദേശങ്ങൾ പാലിച്ചില്ല

ശബരിമലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരെയും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കിയതായി പറയുന്നില്ല. അതൊന്നും കൂടുതലായി പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

പോലീസിനെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരേ ഐ.പി.എസ്. അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹർജിക്കാരിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിനടപടികളിൽ ഇടപെടാത്തിടത്തോളം ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. പ്രതികൂല പരാമർശങ്ങൾക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിൽ ആകുലപ്പെടുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സർക്കാരിന് നിയമാനുസൃത മേൽനടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയെ തടഞ്ഞു; നടപടിയില്ല

ദർശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയിൽ തടഞ്ഞതായി ഹൈക്കോടതി. ഈ ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ കേസെടുക്കാൻ ഒരുങ്ങിയതാണ്. വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ദർശനത്തിനുപോയ ജഡ്‌ജി തുടർനടപടി വേണ്ടെന്നും പോലീസുദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും വ്യക്തമാക്കി.

ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നു. അതിനാൽ തുടർനടപടി വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാലാണ് നടപടി വേണ്ടെന്നുവെച്ചത്. ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരുദ്യോഗസ്ഥന്റെ കരിയർ നശിപ്പിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. സേനയിൽ വേറെ ഉദ്യോഗസ്ഥരെ നിയമിക്കാൻ കിട്ടിയില്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യത- സർക്കാർ

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ തടയാനാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിഷേധക്കാരെ തടയാനാണ് നടപടിയെടുത്തതെന്നും സർക്കാരിനുവേണ്ടി ഹാജരായ എ.ജി. വ്യക്തമാക്കി.

സുഗമമായ ദർശനത്തിന് തടസ്സമില്ല. നിരോധനാജ്ഞ ലംഘിച്ച് നാമജപത്തിന്റെ മറവിൽ പ്രതിഷേധിക്കുന്നവർക്കെതിരേ നടപടിയെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് ദർശനത്തിന് അനുമതി തേടിയ യുവതികൾക്ക് സംരക്ഷണം നൽകി. പ്രതിഷേധക്കാരുടെ എതിർപ്പുകാരണം യുവതികൾക്ക് ദർശനം സാധ്യമായില്ല.

ദർശനത്തിനെത്തുന്ന യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ദർശനത്തിന് യുവതികളെ സർക്കാർ ക്ഷണിച്ചു വരുത്തിയിട്ടില്ല. പ്രതിഷേധകരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണ്. ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ ഡി.ജി.പി. സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എ.ജി. വ്യക്തമാക്കി.

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെയാണ് പോലീസ് ഇടപെടലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ത്രിവേണിക്കപ്പുറത്തേക്ക് പോലീസിനെ അമിതമായി വിന്യസിക്കരുത്. അന്നദാനത്തിനുള്ള ഭക്ഷണം പാകംചെയ്യുന്നത് ദേവസ്വം ബോർഡ് നേരിട്ടല്ലെന്നും അവർ ആരോപിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി.

content highlights; sabarimala, sabarimala women entry protest