കൊച്ചി: ശബരിമലയിൽ നിലവിലുള്ള നിരോധനാജ്ഞകൊണ്ട് ആർക്കാണ് ബുദ്ധിമുട്ടുള്ളതെന്ന് ഹൈക്കോടതി. ബുധനാഴ്ച 80,000 പേർ ദർശനം നടത്തിയെന്ന് നിരീക്ഷണസമിതിയിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഭക്തർക്ക് പ്രശ്നമില്ലെന്നാണറിയുന്നത്.

കാര്യങ്ങളെ മുൻവിധിയോടെ കാണേണ്ടകാര്യമില്ലെന്ന് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് എൻ. അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. നിരോധനാജ്ഞ ചോദ്യംചെയ്യുന്ന പത്തോളം ഹർജികൾ പരിഗണിക്കവേയാണിത്. നിരോധനാജ്ഞകാരണം ഭക്തർക്ക് തടസ്സമുണ്ടാകുന്നെന്നാണ് ഹർജിക്കാരുടെ വാദം.

നിരോധനാജ്ഞ ഏർപ്പെടുത്തിയ സാഹചര്യം വ്യക്തമാക്കി സർക്കാരിനുവേണ്ടി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് സത്യവാങ്മൂലം നൽകി. അത് മറ്റ് ഹർജികളിലും ബാധകമാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ഭക്തകളെ തടയലും ബസ് തടഞ്ഞ് പരിശോധനയും മറ്റുമുണ്ടായെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പോലീസിനുനേരെ കല്ലേറുണ്ടായി. പോലീസ് വാഹനവും മറ്റും തകർത്തു. പ്രതിഷേധക്കാർ ശരണമന്ത്രജപയജ്ഞം നടത്തി ഭക്തരുടെ പാത തടഞ്ഞു. തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നത്.

പ്രതിഷേധക്കാർക്കുമാത്രമാണ് ബാധകം. ഭക്തർ ഗുരുസ്വാമിയോടൊപ്പം കൂട്ടമായി നടക്കുന്നതിനോ ശരണംവിളിക്കുന്നതിനോ തടസ്സമില്ല.

പ്രതിഷേധവും ക്രമസമാധാനത്തകർച്ചയ്ക്കുള്ള സാധ്യതയും ചൂണ്ടിക്കാട്ടി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നിരോധനാജ്ഞ ആവശ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി.യുടെ റിപ്പോർട്ടിലും അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം മുൻനിർത്തിയാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ 144 പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Content Highlights: Sabarimala, High court