എരുമേലി: മനസ്സുകളിൽ മാനവികതയുടെ ഇൗടുവെപ്പായ എരുമേലി പേട്ടതുള്ളൽ ഞായറാഴ്ച നടക്കും. ഐതിഹ്യസ്മരണകളിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ചുവടുവെക്കുമ്പോൾ ഭക്തസഹസ്രങ്ങൾക്ക് പുണ്യമുഹൂർത്തം. അയ്യപ്പന്റെ തിടമ്പേറ്റി ആനകളും ആളുകളും വാവരുപള്ളിയിൽ കയറുമ്പോൾ പുഷ്പങ്ങൾ വിതറി, കളഭം ചാർത്തി ജമാഅത്ത് കമ്മിറ്റിയുടെ ആദരം. അമ്പലപ്പുഴ സംഘത്തിനൊപ്പം മസ്ജിദിൽനിെന്നത്തുന്ന വാവരുസ്വാമിയുടെ പ്രതിനിധിക്ക് ധർമശാസ്താ ക്ഷേത്രത്തിൽ സ്വീകരണം. എല്ലാം സൗഹൃദം വിടരുന്ന കാഴ്ചകൾ.

ഞായറാഴ്ച രാവിലെ അയ്യപ്പന്റെ സ്വർണത്തിടമ്പിനുമുമ്പിൽ പേട്ടപ്പണം സമർപ്പിച്ചാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് തയ്യാറെടുക്കുന്നത്. പേട്ട ശാസ്താ ക്ഷേത്രത്തിൽ തിടമ്പുപൂജ. ഉച്ചയ്ക്ക് 12 കഴിയുന്നതോടെ മാനത്ത് പരുെന്തത്തുമ്പോൾ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ തുടങ്ങും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ അകമ്പടിയേകും.

അമ്പലപ്പുഴ പേട്ടതുള്ളൽ ധർമശാസ്താ ക്ഷേത്രത്തിൽ എത്തുമ്പോഴേക്കും മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ട ശാസ്താ ക്ഷേത്രമുറ്റത്ത് തുടങ്ങും. അമ്പാടത്ത് വിജയകുമാറാണ് സമൂഹപെരിയോൻ. ഞായറാഴ്ച രാവിലെ പേട്ടയൊരുക്കവും പേട്ടസദ്യയും ഉണ്ട്.

അയ്യപ്പന്റെ തിടമ്പും കൊടിയും ഗോളകയും പേട്ട ശാസ്താ ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് ഇവരുടെ പേട്ടതുള്ളൽ. മസ്ജിദിൽ കയറാതെ വാവരുസ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം നീങ്ങിയെന്ന സങ്കല്പത്തിൽ പള്ളിയിൽ കയറാതെയാണ് ആലങ്ങാട്‌ സംഘം ധർമശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. ആലങ്ങാട്‌ സംഘത്തിന്റെ ഗോളക ചാർത്തിയാണ് ധർമശാസ്താ ക്ഷേത്രത്തിൽ ദീപാരാധന.

Content Highlights:  erumeli petta thullal today