കൊല്ലം: ശബരിമല വിഷയത്തിൽ സംഘപരിവാർ ഉയർത്തുന്ന ഭീഷണി ചെറുക്കാനും നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിക്കാനും സിപി.എം. ബഹുജനങ്ങളെ രംഗത്തിറക്കുന്നു. എൽ.ഡി.എഫ്. നേതൃത്വത്തിലും വിപുലമായ പ്രചാരണപരിപാടിക്ക് രൂപംനൽകുമെന്ന് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ്. സംസ്ഥാനസമിതി അടുത്തയാഴ്ച ചേരും.

രണ്ടുമാസം നീളുന്ന പ്രചാരണപരിപാടിക്ക് ഡി.വൈ.എഫ്.ഐ. സംസ്ഥാനസമിതി രൂപംനൽകിയതായി സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. ശബരിമല വിഷയത്തിൽ പാർട്ടിയും സർക്കാരും കൈക്കൊണ്ട നിലപാടിൽ ഹൈന്ദവ സമൂഹത്തിനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ വലിയൊരളവുവരെ മാറിയെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ മുഖ്യമന്ത്രിയുടെ വിശദീകരണയോഗങ്ങൾ നടന്നു. ബാക്കിയുള്ള ജില്ലകളിൽ അടുത്തദിവസം നടക്കും.

കൂത്തുപറമ്പ് രക്തസാക്ഷിദിനമായ ഞായറാഴ്ച 213 ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ. വർഗീയോച്ചാടനദിനം ആചരിക്കും. ബാബറി മസ്ജിദ് തകർത്ത ദിവസമായ ഡിസംബർ ആറുമുതൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 വരെ നീളുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഡിസംബർ ആറുമുതൽ 20 വരെ സംസ്ഥാനത്തെ 2200 മേഖലാകേന്ദ്രങ്ങളിൽ ‘കേരളം ഭ്രാന്താലയമല്ല’ എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക സദസ്സ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 20 വരെ 26,000 യൂണിറ്റ് കേന്ദ്രങ്ങളിൽ യുവജനസംഗമം സംഘടിപ്പിക്കും.

ഗാന്ധിജിയുടെ 71-ാം രക്തസാക്ഷി ദിനമായ ജനുവരി 30-ന് 71 കേന്ദ്രങ്ങളിൽ ‘മതേതര ഇന്ത്യ, പുരോഗമന കേരളം’ പരിപാടി നടക്കും. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ ജനുവരി 26-ന് ലോ കോളേജുകളിൽ ഭരണഭടനാസംരക്ഷണ ദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ‘സ്വാതന്ത്ര്യ ആഘോഷം’ സംഘടിപ്പിക്കുമെന്നും സംസ്ഥാനസെക്രട്ടറി സച്ചിൻദേവ് പറഞ്ഞു.