തിരുവനന്തപുരം: ശബരിമലയിലും മറ്റുക്ഷേത്രങ്ങളിലും ലേലംകൊണ്ടവർ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് പണം തിരികെ ചോദിക്കുന്നു. ഭക്തരെത്താതെ വരുമാനം നിലച്ചതോടെ വ്യാപാരസ്ഥാപനങ്ങളും പൂജാസ്റ്റാളുകളുമൊക്കെ ലേലത്തിൽ ഏറ്റെടുത്തവർ നഷ്ടത്തിന്റെ ആനുപാതികവിഹിതം ആവശ്യപ്പെട്ട് സമ്മർദം മുറുക്കുകയാണ്.
ശബരിമലയിൽ യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ സംഭവങ്ങളും പോലീസ് നിയന്ത്രണങ്ങളും ബോർഡിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത്തവണത്തെ ലേലത്തിൽ പങ്കെടുക്കാൻ പതിവു കരാറുകാർപോലും മടിച്ചു. മുൻകാലങ്ങളെക്കാൾ തുക കുറച്ചാണ് ലേലംകൊള്ളാൻ തയ്യാറായതും. നവംബറിൽ തീർഥാടനം തുടങ്ങിയശേഷം സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് കോവിഡ് വന്നതും ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതും.
തീർഥാടനം ആരംഭിച്ചതുമുതൽ ജനുവരി മൂന്നാംവാരംവരെ പ്രതിസന്ധിയുണ്ടായില്ല. എന്നാൽ, മാർച്ചിനുശേഷമുള്ള മാസപൂജകൾ, വിഷു, ഉത്സവം എന്നിവയ്ക്ക് തീർഥാടകർക്ക് പ്രവേശനമുണ്ടായില്ല. മാർച്ച് 21 മുതൽ ഒരാഴ്ചയോളം ലോക്ഡൗൺ ഇളവിൽ ക്ഷേത്രങ്ങൾ തുറന്നെങ്കിലും കാര്യമായ വരുമാനവുമുണ്ടായില്ല. ഇതോടെയാണ് നഷ്ടം നികത്താൻ കരാറുകാർ പണം ആവശ്യപ്പെട്ടത്.
കരാറുകാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കേണ്ടതാണെന്നാണ് ബോർഡിന്റെ നിലപാട്. ഇത് പരിശോധിക്കുമെന്ന് പ്രസിഡന്റ് എൻ. വാസുവും വ്യക്തമാക്കി. ശബരിമല തീർഥാടനസമയത്ത് 50 കോടിയോളവും വിവിധ ഗ്രൂപ്പുകളിലെ മറ്റ് ക്ഷേത്രങ്ങളിൽനിന്ന് 15 കോടിയോളവുമാണ് ലേലത്തിലൂടെ ബോർഡിന് കിട്ടിയിരുന്ന വരുമാനം.
ഒരുക്കം തുടങ്ങേണ്ട സമയം
അടുത്ത തീർഥാടനം നവംബർ പകുതിയിൽ തുടങ്ങേണ്ടതിനാൽ ഒരുക്കങ്ങൾക്കുള്ള സമയമായെങ്കിലും കോവിഡ് രോഗികളുടെ കുതിച്ചുകയറ്റം ആശങ്കകൂട്ടുകയാണ്. നവംബർവരെ കോവിഡ് ഭീതി തുടരുമെന്നാണ് വിലയിരുത്തൽ. അങ്ങനെയായാൽ ഇനിവരുന്ന തീർഥാടനം എങ്ങനെ നടക്കും എന്നറിയില്ല. കേരളത്തിൽ രോഗശാന്തിയുണ്ടായാൽപ്പോലും ഇതരസംസ്ഥാനങ്ങളിലെ സ്ഥിതിയും പരിഗണിക്കേണ്ടിവരും. പ്രത്യേകിച്ചും തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ.
നഷ്ടം 250 കോടി
ദേവസ്വം ബോർഡിന് ഇതുവരെ കോവിഡ് വരുത്തിയ നഷ്ടം 250 കോടി രൂപയാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി ഏറ്റവും അത്യാവശ്യമുള്ള മരാമത്ത് ജോലികൾക്കുമാത്രമേ അനുമതിയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫിറ്റ്‌നസിന് ആവശ്യമായ പണികൾ മാത്രവും. ക്ഷേത്രങ്ങളിലും സദ്യാലയങ്ങളിലും അടിയന്തര ജോലിമാത്രം.
Content Highlights: Sabarimala contractors asks refund