തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ കർശനമായും സംയമനത്തോടെയും നേരിടാൻ മന്ത്രിസഭാ നിർദേശം. വെടിവെപ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബി.ജെ.പി.യും സംഘപരിവാറും നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ ആസൂത്രിതമാണ്. പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനവുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുമുതൽ നശിപ്പിക്കുന്നവർക്കും അക്രമം നടത്തുന്നവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുക്കാൻ പോലീസിന് നിർദേശം നല്കാനും മന്ത്രിസഭ തീരുമാനിച്ചു.

യുവതീപ്രവേശത്തെത്തുടർന്നുള്ള സ്ഥിതിവിശേഷവും അക്രമസംഭവങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും മന്ത്രിസഭ പ്രത്യേകം ചർച്ചചെയ്യുകയായിരുന്നു. വിശ്വാസത്തിന്റെ പേരിലോ വിശ്വാസികളോ അല്ല അക്രമവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യുവതികൾ ശബരിമല ദർശനം നടത്തിയെന്ന വാർത്തകളുണ്ടായിട്ടും ബുധനാഴ്ച ഉച്ചവരെ അക്രമങ്ങളൊന്നുമുണ്ടായില്ല. ദർശനത്തിന്റെ ഭാഗമായി നാടിനോ അയ്യപ്പഭക്തർക്കോ പ്രതിഷേധമില്ല. എന്നാൽ ഇത് മുതലെടുക്കാൻ ശ്രമിച്ചവർ സംഘർഷത്തിന് നിർദേശംനല്കി. ആസൂത്രിതനീക്കമാണ് പിന്നീടുണ്ടായത്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന അക്രമങ്ങളെ ശക്തമായി നേരിടും. സുപ്രീം കോടതിവിധിയെ വെല്ലുവിളിച്ചുകൊണ്ടാണ് വ്യാഴാഴ്ച ഹർത്താൽ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: sabarimala,bjp, hartal