റാന്നി: ശബരിമലയ്ക്കായി ചെറുവള്ളിയിൽ നിർമിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളമാണെന്നും ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി രാജു ഏബ്രഹാം എം.എൽ.എ. അറിയിച്ചു. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ലഭിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയച്ചെതെന്ന് എം.എൽ.എ.പറഞ്ഞു.
നിർദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാതൃകയിൽ ചെറുവള്ളിയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നത്.
ടെക്‌നോ ഇക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്കായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സാമൂഹിക പ്രത്യാഘാത പഠനം, മണ്ണ് പരിശോധന, വിവരശേഖരണം എന്നിവ നടത്താനുണ്ട്. ഇതിന് ശേഷം വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും മറ്റ് ബന്ധപ്പെട്ട ഏജൻസികളുടെയും ക്ലിയറൻസ്, കേന്ദ്ര സർക്കാരിന്റെ അംഗീകാരം എന്നിങ്ങനെ എല്ലാ നടപടികളും കൺസൾട്ട് പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും.
Content Highlights: Sabarimala Airport; Steps to take over 570 acres