: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് കോടതിയിൽ പണം കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ മുന്നണിക്കുള്ളിൽത്തന്നെ അതൃപ്തി.
പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും റവന്യൂവകുപ്പ് കൈവശമുള്ള സി.പി.ഐ.ക്കുതന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സ്വന്തം ഭൂമിയേറ്റെടുക്കാൻ എന്തിനാണ് സർക്കാർ പണം കെട്ടിവെക്കുന്നതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
ഭൂമിയുടെ ഉടമാവകാശത്തിൽ സർക്കാരിനു ശങ്കയുണ്ടെന്ന ധ്വനിയാണ് കോടതിയിൽ പണം കെട്ടിവെക്കുന്നതിലൂടെ വരുന്നതെന്ന് സി.പി.ഐ. കരുതുന്നു. ഉടമാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് കോടതി പറഞ്ഞാൽ കെട്ടിവെക്കുന്ന പണം അവർക്കുനൽകി മാത്രമേ ഭൂമിയേറ്റെടുക്കാൻ കഴിയൂ.
ചെറുവള്ളിയടക്കമുള്ള ഹാരിസൺ ഭൂമികൾ ആരുടേതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നില്ല. ഐ.എ.എസ്. ഒാഫീസർ ഭൂമിയേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നും സിവിൽ കേസ് വഴി സ്ഥലമേറ്റെടുക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഭൂമി സർക്കാരിന്റേതാണെന്ന് റവന്യൂമന്ത്രി തന്നെ വ്യക്തമാക്കുമ്പോഴും സംശയസൂചനവെച്ച് കോടതിയിൽ പണം കെട്ടിവെക്കുന്നതെന്തിനെന്ന് സർക്കാരിനും വിശദീകരിക്കാനായിട്ടില്ല.
ഭൂമിയുടെ ഉടമാവകാശം സുപ്രീംകോടതി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സർക്കാർ സ്വന്തം ഭൂമിയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിനെ പരിസ്ഥിതിപ്രവർത്തകരും വിമർശിച്ചിട്ടുണ്ട്. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയതാണ്. അതേ സ്ഥലം പണംകൊടുത്ത് ഏറ്റെടുക്കേണ്ടിവരുന്നതിൽ ഭൂസമരങ്ങൾ നടത്തുന്നവരും വിമർശനമുന്നയിക്കുന്നു.
വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ ഭൂമിക്കേസുമായി മുന്നോട്ടുപോകാനുറച്ചിരിക്കുകയാണ് റവന്യൂവകുപ്പ്. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളമെന്ന ആശയം നിലനിൽക്കുന്നതിനാൽ സിവിൽ കേസിനു പോകുമോയെന്ന കാര്യത്തിൽ തീർച്ചയുണ്ടായിരുന്നില്ല.
കോട്ടയം കളക്ടറേറ്റിൽ കേസിനുള്ള ഭൂമിവിവരങ്ങളും രേഖകളും തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നു. റവന്യൂമേധാവികൾ നിർദേശം നൽകിയതോടെ ഇതിന്റെ ഫയൽ നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. ചെറുവള്ളിയടക്കം എല്ലാ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഏറ്റെടുക്കാനുള്ള കേസുകൾ ഉടൻ ഫയൽചെയ്യും.
bbതർക്കമുള്ള ഭൂമിയും ഏറ്റെടുക്കാം
bbതോട്ടങ്ങൾ ആരുടെയും ജൻമാവകാശമല്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സർക്കാരിന്റെതു തന്നെയാണ്. സുപ്രീംകോടതി നിർദേശപ്രകാരം സിവിൽ കോടതികളിൽ ഉടമാകാശം സ്ഥാപിക്കാൻ പോവുകയാണ്. എല്ലാ കളക്ടർമാർക്കും നിർദേശം നൽകി. തർക്കമുള്ള ഭൂമി ഏറ്റെടുക്കാനും ഒരു തടസ്സവുമില്ല.
- ഇ.ചന്ദ്രശേഖരൻ, റവന്യൂമന്ത്രി
bbസർക്കാർ സ്വയം തർക്കഭൂമിയാണെന്ന് വരുത്തുന്നു
bbപണം കോടതിയിൽ കെട്ടിവെക്കുമെന്നു പറയുന്നതിലൂടെ ഭൂമി തർക്കമുള്ളതാണെന്നു സർക്കാർ തന്നെ വരുത്തുകയാണ്. ഇതു സർക്കാർ ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല. ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കേണ്ട കാര്യം തന്നെയില്ല. സ്വന്തം ഭൂമി എന്തിനാണ് സർക്കാർ ഏറ്റെടുക്കുന്നത്?
- സുശീലാഭട്ട്, സർക്കാരിന്റെ മുൻ പ്രത്യേക അഭിഭാഷക (ഹാരിസൺ കേസ്)