കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഇനി ശ്രദ്ധ കേന്ദ്രസർക്കാരിലേക്ക്. വിമാനത്താവളം സ്ഥാപിക്കുന്നതിൽ അവരുടെ നിലപാട് നിർണായകമാണ്. പ്രധാന പട്ടണങ്ങളിൽ ചെറുവിമാനത്താവളങ്ങൾ വേണമെന്ന നയമാണ് വ്യോമയാന മന്ത്രാലയത്തിനുള്ളത്. എന്നാലും ബി.ജെ.പി.യുടെ രാഷ്ട്രീയതീരുമാനവും പ്രധാനമാണ്.
കേന്ദ്രസർക്കാരിന്റെ അനുമതിക്ക്, സംസ്ഥാനം സ്ഥലമേറ്റെടുത്ത് അതിന്റെ വിശദാംശങ്ങൾ നൽകണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിയിൽ പ്രധാനമാണ്. ഇതിനുമുന്നോടിയായി അംഗീകൃത ഏജൻസി പരിസ്ഥിതിയാഘാതപഠനം നടത്തണം. സാമൂഹികാഘാത പഠനവും വേണ്ടിവരും.
എരുമേലിക്ക് ഏറ്റവുമടുത്തുള്ള കൊച്ചി നാവികകേന്ദ്രത്തിന്റെ അംഗീകാരവും അനിവാര്യം. അവർ സുരക്ഷാപരമായ വിശകലനം നടത്തും. വിമാനങ്ങൾ ഉയരുന്നതിന്റെ ദിശയടക്കമുള്ള കാര്യങ്ങളിൽ നാവികസേനയുടെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും തീരുമാനമാണു പ്രധാനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദിഷ്ട പദ്ധതിക്കുസമീപമുള്ള ഉയർന്ന സ്ഥലങ്ങൾ, മരങ്ങൾ, മറ്റു തടസ്സങ്ങൾ എന്നിവ കണ്ടെത്തി നീക്കേണ്ടതുണ്ടെങ്കിൽ അറിയിക്കും.
പരിശോധനാ റിപ്പോർട്ട് ഇങ്ങനെ
വിമാനത്താവള പദ്ധതിക്കായി ചെറുവള്ളിയെ തിരഞ്ഞെടുത്തത് കോട്ടയം കളക്ടർ പരിശോധനാസമിതിക്കു നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ്. ഇതിലെ ഭൂമിവിവരങ്ങൾ ഇങ്ങനെ:
വില്ലേജ് ബ്ലോക്ക് റീസർവേ നമ്പർ വിസ്തീർണം (ഹെക്ടറിൽ)
എരുമേലി തെക്ക് 22 281 42.58
എരുമേലി തെക്ക് 22 283 811.42
എരുമേലി തെക്ക് 22 282 1.83
മണിമല 21 299 60.43
ആകെ 916.26 ഹെക്ടർ (2263.18 ഏക്കർ)
1.83 ഹെക്ടർ സ്ഥലം എരുമേലി-ചേനപ്പാടി റോഡിന്റെ ഭൂമിയാണ്. 914.43 ഹെക്ടർ ഗോസ്പൽ ഫോർ ഏഷ്യ (ബിലീവേഴ്സ് ചർച്ച്) കൈവശവും. കൃഷി റബ്ബറാണ്. എസ്റ്റേറ്റ് ഓഫീസുകൾ, ലയങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ദേവാലയങ്ങൾ എന്നിവയും ഇതിലുണ്ട്. നാല് ആരാധനാലയങ്ങളാണുള്ളത്.
വസ്തു ഭൂരിഭാഗം സമതലം, ബാക്കി കുന്ന്. സംസ്ഥാന, ദേശീയപാതകളുടെ സാമീപ്യം ഗുണകരമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശ്ശേരിക്ക് 110 കിലോമീറ്ററുമാണ്. കോട്ടയത്തിന് 58 കിലോമീറ്റർ. പമ്പയ്ക്ക് 45 കിലോമീറ്ററും. ഭൂമി സംബന്ധിച്ച് കേസുണ്ട്.
ഉടമസ്ഥാവകാശത്തിന് സർക്കാർ കോടതിയിലേക്ക്
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഹൈക്കോടതിവിധിയനുസരിച്ച് ഇതിനായി സിവിൽ കോടതിയെ സമീപിക്കാനാകുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടിയാലേ തുടർനടപടികളിലേക്കു നീങ്ങാനാകൂ. ഇതിനായി കോടതികയറേണ്ടി വരുന്നതോടെ പരിസ്ഥിതിയനുമതി നേടുന്നതടക്കമുള്ള തുടർനടപടികൾക്കു താമസംവരും.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിർമിക്കാമെന്ന നിർദേശം ഗതാഗതവകുപ്പാണ് മുന്നോട്ടുവെച്ചത്. ഈ നിർദേശം ഔദ്യോഗികമായി ലഭിക്കുന്നമുറയ്ക്ക് സിവിൽ കോടതിയെ സമീപിക്കാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം.
ഹാരിസൺ മലയാളത്തിന് പാട്ടത്തിനു നൽകിയിരുന്ന ഭൂമി തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ചിന് അവർ മറിച്ചുവിൽക്കുകയായിരുന്നു. ഈ ഭൂമിയുടെ യഥാർഥ ഉടമ സർക്കാരാണെന്നാണ് റവന്യൂവകുപ്പ് പറയുന്നത്.
ആദ്യം ഭൂമിയേറ്റെടുക്കൽ
ഭൂമിയുടെ വിവരങ്ങളടക്കം സമഗ്രമായ പദ്ധതിറിപ്പോർട്ട് കിട്ടിയിരുന്നു. ഭൂമിയേറ്റെടുക്കാൻ ഭരണാനുമതി കൊടുക്കലടക്കമുള്ള കാര്യങ്ങളാണു വരുന്നത്. ഗതാഗതവകുപ്പ് ഇതിനുള്ള കാര്യങ്ങൾ ചെയ്യും
-കെ.ആർ. ജ്യോതിലാൽ, ഗതാഗതവകുപ്പ് സെക്രട്ടറി
Content Highlights: sabarimala airport; central govt's permission is very crucial