തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിലേക്കു കടക്കുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ കാതൽ. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ ഉദ്ദേശിച്ചാണ് നിയമമെങ്കിലും മുൻകാലങ്ങളിൽ സർക്കാർ ഏറ്റെടുത്ത പല ഭൂമിക്കും ഇതുപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരാം.

ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമിയെന്ന പരിഗണനയിലാണ് 15 ഏക്കറിലധികം കൈവശംെവക്കാൻ കഴിയുക. എന്നാൽ, മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 15 ഏക്കറിൽ കൂടുതലുള്ളത് മിച്ചഭൂമിയാകും. മിച്ചഭൂമിക്ക് നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നൽകണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറച്ചു സ്ഥലമാണ് ഏറ്റെടുക്കുന്നതെങ്കിലും അതിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തീർപ്പ് മുഴുവൻ സ്ഥലത്തിനും ബാധകമാകുമെന്നും വ്യവസ്ഥചെയ്യും. ഏറ്റെടുക്കുന്ന സ്ഥലം കൈവശക്കാരന്റേതാണെന്നാണ് തീർപ്പെങ്കിൽ ഇപ്പോഴത്തെ കൈവശക്കാരന് ബാക്കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഇതുവഴി കൈവരും.

റവന്യൂ വകുപ്പ് അറിയാതെ കരട് നിയമവകുപ്പിന്

ഭൂമിസംബന്ധമായ നിയമനിർമാണത്തിന് റവന്യൂവകുപ്പാണ് കരടുണ്ടാക്കേണ്ടതെങ്കിലും വകുപ്പറിയാതെയാണ് നടപടി പുരോഗമിക്കുന്നത്. കരട് ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് നിയമവകുപ്പിനു കൈമാറിയത്. 27-ന്റെ നിയമസഭാ സമ്മേളനത്തിനുശേഷം ഓർഡിനൻസായി കൊണ്ടുവരാനാണ് ഉദ്ദേശ്യം.

നിയമത്തിലെ മറ്റു പ്രധാന വ്യവസ്ഥകൾ

* ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പ്രിൻസിപ്പൽ സിവിൽ കോടതിയിലാണു നൽകേണ്ടത്. ആറു മാസത്തിനുള്ളിൽ കോടതി ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണം.

* അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേ ഫയൽ ചെയ്യാനാകൂ. മേൽക്കോടതിയിലേക്ക് അപ്പീലിന് വ്യവസ്ഥയില്ല. ഹൈക്കോടതി ഒരു വർഷത്തിനുള്ളിൽ വിധിപറയണം.

* വില നിശ്ചയിക്കേണ്ടത് 2013-ലെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ചായിരിക്കണം.

* ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥൻ കൈവശക്കാരനല്ലെങ്കിലും ചമയങ്ങൾ നിർമിച്ചത് കൈവശക്കാരനെങ്കിൽ കൈവശക്കാരന് അതിന്റെ വില നൽകും.

* സ്ഥലത്തിന്റെ ഉടമ കൈവശക്കാരനാണെന്നാണ് ഹൈക്കോടതി തീർപ്പെങ്കിൽ പിന്നീട് ഒരിക്കലും സർക്കാർ ഉടമസ്ഥാവകാശം ഉന്നയിക്കില്ല. സ്ഥലവില ഒരു വർഷത്തിനുള്ളിൽ കൈമാറണം. അല്ലെങ്കിൽ വിധിവന്ന നാൾമുതൽ ആറുശതമാനം പലിശയും നൽകണം.

Content Highlights Sabarimala Air ports land law