തിരുവനന്തപുരം: അകറ്റുന്തോറും ആഞ്ഞടുക്കുകയും വിശദീകരിക്കുന്തോറും വിവാദമാകുകയും ചെയ്യുകയാണ് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനവും അതുതള്ളി പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ‘ശബരിമല’ കയറ്റിക്കൊണ്ടിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായ പ്രചാരണ വിഷയമേ ആയിരുന്നില്ല. എന്നാൽ, വിശ്വാസികൾക്ക് തട്ടുമ്പോഴെല്ലാം ചോരപൊടിയുന്ന ഓർമയാണ് ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതെന്ന് നന്നായി അറിയുന്നത് പ്രതിപക്ഷത്തിനാണ്. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങുന്ന ഘട്ടത്തിൽ ശബരിമലയിലെ വിശ്വാസസംരക്ഷണം നിയമപരമായി ഉറപ്പാക്കുമെന്ന് പ്രഖ്യാപനം അവർ നടത്തിയത്.

സുപ്രീംകോടതിയുടെ അന്തിമവിധി വന്നാലും ഇനി അത് നടപ്പാക്കുന്നത് സമവായത്തിലൂടെ മാത്രമാകുമെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും വിശദീകരിച്ചത്, പഴയ മൂർച്ചയും വാശിയും പാർട്ടിക്കോ സർക്കാരിനോ ഇക്കാര്യത്തിൽ ഇല്ലെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ്. രാഷ്ട്രീയത്തിൽനിന്ന് ശബരിമലയെ അകറ്റാനും വികസനം ചർച്ചയാക്കാനുമാണ് എൽ.ഡി.എഫ്. ശ്രമിച്ചത്. ഇതിനിടയിലാണ് ശബരിമലയിലെ യുവതി പ്രവേശത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വന്നത്. ഇത് സി.പി.എമ്മിനെയും സർക്കാരിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കി. സ്ഥാനാർഥി നിർണയവും കൂട്ടപ്രതിഷേധവും രാഷ്ട്രീയവാർത്തകളായതോടെയാണ് കടകംപള്ളിയുടെ ‘ഖേദപ്രകടന’ത്തിന് അധികം ആയുസ്സില്ലാതെ പോയത്.

ശബരിമലയുടെ കാര്യത്തിൽ പാർട്ടി നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സീതാറാം യെച്ചൂരിയുടെ പ്രസ്താവന വന്നതോടെ എൻ.എസ്.എസ്. അടക്കം വീണ്ടും മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞു. വിശ്വാസികളെ വഞ്ചിക്കുന്ന ഇരട്ടനിലപാടാണെന്നായിരുന്നു എൻ.എസ്.എസിന്റെ കുറ്റപ്പെടുത്തൽ. ശബരിമലയുടെ പേരിൽ എൻ.എസ്.എസ്. ഉയർത്തുന്ന വാദങ്ങൾ, ഇടതുപക്ഷത്തിന് എതിരാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെ രാഷ്ട്രീയമായി നേരിടാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തയ്യാറായത്. എൻ.എസ്.എസ്. നൽകിയ കേസ് തോറ്റതാണ് ശബരിമല യുവതിപ്രവേശന വിധിക്ക് കാരണമായതെന്നായിരുന്നു കാനത്തിന്റെ തിരിച്ചടി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർക്ക് ശബരിമലയോട് താത്‌പര്യം വരുന്നതിന്റെ കാരണമറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി വിശ്വാസികൾക്ക് എതിരായാലും അതിൽ സമവായമുണ്ടാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. അതിനപ്പുറത്തേക്ക് ശബരിമല വളരാതിരിക്കാനുള്ള തീർപ്പായിരുന്നു മുഖ്യമന്ത്രി നടത്തിയത്. ഇതോടെ, ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി, ശബരിമലയെ കുറിച്ച് ഇനി ഒന്നും പറയാനില്ലെന്ന് പറഞ്ഞ് പിൻവാങ്ങി. ദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ ‘ശബരിമല’യെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിക്കാനാണ് ബി.ജെ.പി.യും ശ്രമിക്കുന്നത്. ഇതോടെ രാഷ്ട്രിയത്തിൽ മലയിറക്കം ഉടനുണ്ടാകില്ലെന്ന് ഉറപ്പായി.

content highlights: sabarimala again emerges as a political issue