പത്തനംതിട്ട: ശബരിമലയിലും പരിസരങ്ങളിലും കൂടുതൽ സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനം. രണ്ടായിരത്തിലധികം പോലീസുകാരെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യത കണ്ടാൽ കൂടുതൽപേരെ നിയോഗിക്കാനാണ് തീരുമാനം.

ദർശനത്തിനായി 36 യുവതികൾ ഓൺലൈൻ വഴി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സൂചന. യുവതികളെത്തിയാൽ സംരക്ഷണം ഒരുക്കുക പോലീസിന് ബാധ്യതയാകും. ശബരിമല സംഘർഷ ഭൂമി ആകാതെ നോക്കുകയും വേണം.

ഇതുവരെ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും പ്രശ്നസാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞതവണ ഇലവുങ്കൽ മുതൽ സന്നിധാനംവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും സംഘർഷ സാധ്യത ഉണ്ടായാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

സ്വകാര്യവാഹനം നിലയ്ക്കൽ വരെ

തീർഥാടകരെത്തുന്ന എല്ലാ സ്വകാര്യവാഹനങ്ങളും നിലയ്ക്കൽ വരെയാണ് അനുവദിച്ചിട്ടുള്ളത്. വാഹനം നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി.യുടെ ചെയിൻ സർവീസ് ഉപയോഗിച്ച് തീർഥാടകർക്ക് പമ്പയിലെത്താം. പമ്പയിലേക്ക് നേരിട്ടുവരുന്ന കെ.എസ്.ആർ.ടി.സി. ബസും നിലയ്ക്കലിൽ പരിശോധിച്ചശേഷമേ കടത്തിവിടൂ.

തിരിച്ചറിയൽ കാർഡ്

കഴിഞ്ഞതവണ ദർശനത്തിനെത്തുന്ന എല്ലാ തീർഥാടകർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു. ഇത്തവണ ഇത് നിർബന്ധമാക്കിയിട്ടില്ല. സംഘർഷം ഉണ്ടായാൽ വീണ്ടും നടപ്പാക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കടകളിലും കരാർ ജോലിക്കുമെത്തുന്നവർ കാർഡ് കരുതണം.

Content Highlights: sabarimala; 36 women applied for sabarimala darshan through online