ശബരിമല: തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപംതെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നുമുണ്ടായില്ല. ഞായറാഴ്ച രാവിലെ ഉഷഃപൂജയ്ക്കുശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും. ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പാണ് ആദ്യം നടക്കുക.

അന്തിമപട്ടികയിൽ ഉൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജിച്ചശേഷമാണ് നറുക്കെടുക്കുന്നത്.

പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വർമയാണ് നറുക്കെടുക്കുക. തുടർന്ന് മാളികപ്പുറത്ത്, അവിടത്തെ മേൽശാന്തിയെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. നിരഞ്ജൻ ആർ. വർമയാണ് നറുക്കെടുക്കുക. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉൾപ്പെടെയുള്ളവരുടെയും ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ. ഭാസ്കരൻ എന്നിവരുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.

ശബരിമല മേൽശാന്തി നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികൾ മലകയറി.