തിരുവനന്തപുരം: ശബരിമലയിൽ കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോൾ പ്രവേശിപ്പിക്കാവുന്ന പരമാവധി തീർഥാടകരുടെ എണ്ണത്തിൽ തിങ്കളാഴ്ചയും തീരുമാനമായില്ല. ദർശനത്തിനെത്തുന്നവർക്ക് വെർച്വൽ ക്യൂവിൽ ബുക്കിങ്, ആർ.ടി.പി.സി.ആർ. പരിശോധന എന്നിവ നിർബന്ധമാണ്.

15,000 പേരെവീതം ദിവസവും സന്നിധാനത്തേക്കു വിടണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇത്രയുംപേർക്ക് അനുമതി നൽകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. എന്നാൽ, ഫയലിൽ ആരോഗ്യവകുപ്പ് തിങ്കളാഴ്ച രാത്രിയും തീരുമാനമെടുത്തില്ല. ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടാകും.

വെള്ളിയാഴ്ച വൈകീട്ടാണ് നട തുറക്കുന്നത്. പിറ്റേന്നുമുതലാണ് ദർശനത്തിന് അവസരം. ഇതിനിടെ ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവാകുന്നവർ വെർച്വൽ ക്യൂവിൽ ബുക്കുചെയ്യുകയും വേണം.