ശബരിമല: ശബരിമല ദർശനത്തിന് ദിവസം 5,000 പേർക്ക് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ ബുക്കിങ് മണിക്കൂറുകൾക്കുള്ളിൽ പൂർണമായി. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് വെർച്വൽ ക്യൂ തുറന്നത്. 23 മുതൽ 26 വരെയുളള ബുക്കിങ് രാത്രിതന്നെ പൂർണമായി. ഡിസംബർ 20 മുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഡിസംബർ 31 മുതൽ ജനുവരി 19 വരെയുള്ള അധിക ബുക്കിങ് ആരംഭിച്ചിട്ടില്ല.

മണ്ഡലപൂജ കഴിഞ്ഞ് നടയടയ്ക്കുന്ന 26 വരെ തീർഥാടകർ നിലവിലുള്ളതുപോലെ കോവിഡ് ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമതി. 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നിലയ്ക്കലിൽ നൽകേണ്ടത്.

26-നുശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ., ആർ.ടി. ലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയിലേതെങ്കിലും ഒരു പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം.

അതേസമയം, ആർ.ടി.പി.സി.ആർ., ആർ.ടി. ലാംപ് , എക്സ്പ്രസ് നാറ്റ് പരിശോധനകൾ നടത്താനുള്ള സൗകര്യം നിലയ്ക്കലിൽ ഇല്ല. ചെലവ് കൂടിയതും പരിശോധനഫലം ലഭിക്കാൻ കാലതാമസമുള്ളതുമാണ് ഈ ഫലങ്ങൾ. പരിശോധനയ്ക്ക് ഒരാൾക്ക് 2100 രൂപമുതൽ 2700 രൂപവരെ ചെലവുവരും.