sabarimalaശബരിമല: അപകടത്തിൽ വലതുകാൽ നഷ്ടമായെങ്കിലും ഇത്തവണയും സുരേഷ് ശബരിമലയിലെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരിൽനിന്ന് 75 ദിവസംമുമ്പ് പുറപ്പെട്ട ഇദ്ദേഹം ചൊവ്വാഴ്ചയാണ് ശബരീശസന്നിധിയിലെത്തിയത്. ഒറ്റയ്ക്കുള്ള യാത്രയിൽ തുണയായത് അയ്യപ്പനിലുള്ള വിശ്വാസവും താങ്ങുവടിയും.

ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിരവധി പുണ്യകേന്ദ്രങ്ങൾകൂടി സന്ദർശിച്ചാണ് അയ്യപ്പസന്നിധിയിൽ എത്തിയത്. പമ്പവരെ ബസിലായിരുന്നു യാത്ര. ചൊവ്വാഴ്ച രാത്രി മടങ്ങി. ട്രെയിനിലാണ് തിരിച്ചുപോക്ക്.

സ്വാമി അയ്യപ്പൻ റോഡിലൂടെ നടന്നാണ് ഈ നാല്പത്തഞ്ചുകാരൻ മലകയറിയത്. 2010-ൽ ബൈക്കപകടത്തിലാണ് സുരേഷിന് ഒരുകാൽ നഷ്ടപ്പെട്ടത്. അതുകഴിഞ്ഞും ഒൻപതുതവണ മകരവിളക്കിനെത്തി. സുരേഷ് 22 തവണ മലചവിട്ടിയിട്ടുണ്ട്.