sabarimala

ഓരോ പടിയിലും തൊട്ടുതൊഴുത് പതിനെട്ടാംപടി കയറുന്ന അയ്യപ്പന്‍. ബുധനാഴ്ച രാവിലത്തെ ദൃശ്യം | ഫോട്ടോ: വി.കെ.അജി

ശബരിമല: പതിനെട്ട് പടിയിലും തൊട്ടുതൊഴുത്, എറെനേരം അയ്യപ്പനെ കൺനിറച്ചുകണ്ട്, തിക്കുംതിരക്കുമില്ലാതെ ശബരിമല തീർത്ഥാടനം. ഇതുപോലൊരു ദർശനം അയ്യപ്പൻമാർക്ക് മുമ്പ് ശബരിമലയിൽ കിട്ടിയിട്ടില്ല.

കോവിഡ് കണക്കിലെടുത്ത് നിത്യവും 2000 പേർക്ക് മാത്രമേ ദർശനാനുമതിയുള്ളൂ. ഇവർ അയ്യപ്പനെ കൺനിറയെ കണ്ടാണ് മടങ്ങുന്നത്. എന്നാൽ പരമ്പരാഗതമായ അനുഷ്ഠാനങ്ങൾ നടത്താൻ കഴിയാത്തതിലുള്ള ദുഃഖവുമുണ്ട് അയ്യപ്പൻമാർക്ക്.

ശാരീരിക അകലം പാലിച്ച് ഒന്നോ രണ്ടോ വരിയായാണ് അയ്യപ്പന്മാർ പടി കയറുന്നത്. ഓരോ പടിയിലും തൊട്ടുതൊഴുതാണ് പടികയറ്റം. ചില അയ്യപ്പന്മാർ തലകുനിച്ച് ഓരോ പടിയിലും ഇരുമുടി മുട്ടിച്ചും കയറുന്നു.

പി.പി.ഇ. കിറ്റ് ധരിച്ച പോലീസ് അയ്യപ്പന്മാർ പടിക്കുതാഴെയും മുകളിലുമുണ്ട്. അത്യാവശ്യഘട്ടത്തിൽ മാത്രമേ ഇവർ അയ്യപ്പന്മാരെ പിടിച്ചുകയറ്റൂ. തിരുമുറ്റത്ത് എത്തിയാൽ മേൽപ്പാലത്തിൽ കയറാതെ കൊടിമരത്തിന് വലതുവശത്തുകൂടി നേരിട്ട് ശ്രീകോവിലിന് മുന്നിലെത്താം. ഭഗവാനെ എറെനേരം തൊഴുതാണ് അയ്യപ്പന്മാർ ഉപദേവതകൾക്ക് മുന്നിലേക്കും മാളികപ്പുറത്തേക്കും എത്തുന്നത്. ഇവിടെയും ഏറെനേരം ദർശനം നടത്താം.

മാളികപ്പുറത്ത് ദർശനം നടത്തിയശേഷം ആഴിക്ക് സമീപമുള്ള പ്രസാദവിതരണ കൗണ്ടറിൽനിന്ന് അപ്പവും അരവണയും വാങ്ങാം.

എന്നാൽ പമ്പാസ്‌നാനത്തിനും നേരിട്ട് നെയ്യഭിഷേകം നടത്താനുമുള്ള അവസരം ഇല്ല. പരമ്പരാഗത പാതയായ നീലിമല ചവിട്ടാനും കഴിയില്ല. സന്നിധാനത്ത് വിരിവെയ്ക്കാനും അനുമതിയില്ല.

പമ്പയിൽ കുളിക്കാൻ താത്‌കാലിക കുളിപ്പുരകളുണ്ട്. നെയ്യഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിന് പുറകിലുള്ള കൗണ്ടറിൽ നൽകിയശേഷം, ആടിയശിഷ്ടം നെയ്യ് പോലീസ് സ്റ്റേഷനു താഴെയുള്ള കൗണ്ടറിൽനിന്ന് വാങ്ങാം.

വെർച്വൽ ക്യൂ വഴി മാത്രമാണ് ദർശനം. ജനുവരി 19 വരെയുള്ള ബുക്കിങ്‌ പൂർത്തിയായി. ദർശനത്തിനുള്ള അയ്യപ്പന്മാരുടെ എണ്ണം കൂട്ടുന്ന കാര്യം ഇനി സർക്കാർ തീരുമാനിക്കണം.