തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽ സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പോലീസുകാരെ നിയമിക്കും. പല ഘട്ടങ്ങളായാണ് ഇത്രയും പേരെ നിയമിക്കുക. നവംബർ 14 മുതൽ ജനുവരി 16 വരെയാണ് ക്രമീകരണങ്ങൾ. ആകാശനിരീക്ഷണവും ഏർപ്പെടുത്തും.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകളും വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാൻ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഓരോഘട്ടത്തിലും ശബരിമലയിൽ മൊത്തം നാലായിരത്തോളം പോലീസുകാർ ചുമതലയിലുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറൽ ജില്ലകളിലെ സ്ഥിരംസംവിധാനങ്ങൾ കൂടാതെയാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ.

ജലപീരങ്കി ഉൾപ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാൻ മുഖംതിരിച്ചറിയൽ സോഫ്‌റ്റ്‌വേറുകളും ഉപയോഗിക്കും.

സേനാ വിന്യാസം

ശബരിമലയെയും പരിസരപ്രദേശങ്ങളെയും നാല് മേഖലകളായി തിരിക്കും. സുരക്ഷാക്രമീകരണങ്ങളും നാല് ഘട്ടങ്ങളായാണ്. ഒാരോ ഘട്ടത്തിലും നാലായിരം പോലീസുകാരുണ്ടാകും.

* എസ്.പി.മാർ/എ.എസ്.പി.മാർ - 55

* ഡിവൈ.എസ്.പി.മാർ - 113

* എസ്.ഐ./എ.എസ്.ഐ. - 1450

* സിവിൽ പോലീസ് ഓഫീസർ - 12162

* വനിതാ എസ്.െഎ. - 60

* വനിതാ സിവിൽ പോലീസ് ഓഫീസർ - 860

നാല് മേഖലകൾ

പമ്പ

* ഒരേസമയം 600 പോലീസുകാർ.

* കൂടാതെ, സായുധസേനയിൽനിന്നും വനിതാ ബറ്റാലിയനിൽനിന്നുമായി 320 പേർ വീതം.

2. നിലയ്ക്കൽ, വടശ്ശേരിക്കര-മരക്കൂട്ടം

* 500 പേർ

3. സന്നിധാനം

* തുടക്കത്തിൽ 1100 പോലീസുകാർ, പിന്നീട് 1500 ആക്കും.

* സായുധസേനയിൽനിന്ന് 138 പേർ.

4. ആകാശനിരീക്ഷണം

* വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിൽ.

* പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നോഡൽ ഓഫീസർ.

* കൊച്ചി നേവൽ ബേസിൽനിന്നാകും നിരീക്ഷണ പറക്കലുകൾ നടത്തുക.

* ഐ.പി.എസ്. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നിരീക്ഷണസമയത്ത് ഒപ്പമുണ്ടാകും.

* നിലയ്ക്കലിലെ ഹെലിപാഡ് അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ തയ്യാറാക്കും.