: ശബരിമലയിൽ പരിസ്ഥിതിസന്തുലനത്തെ ബാധിക്കുന്ന രീതിയിൽ മാലിന്യപ്രശ്നം രൂക്ഷമാകുന്നതായി ആശങ്ക. പ്രളയത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളെല്ലാം തകർന്ന സ്ഥിതിയാണ്. നിലവിലെ സൗകര്യങ്ങളനുസരിച്ച് വൻ ജനബാഹുല്യം താങ്ങാൻ ശബരിമലയ്ക്ക് കഴിയില്ലെന്ന് തകരാറിലായ മാലിന്യസംസ്കരണ സംവിധാനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞവർഷംവരെ നടന്ന, ഖരമാലിന്യം വേർതിരിക്കാതെയുള്ള സംസ്കരണരീതിയും മാലിന്യം വനഭൂമിയിൽ കുഴിച്ചിടുന്നതും ഇനി തുടരരുതെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്്.

പമ്പയിലെയും സന്നിധാനത്തെയും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തനരഹിതമാണ്. ഖരമാലിന്യങ്ങൾ കത്തിച്ചുകളയുന്ന ഇൻസിനറേറ്ററുകളും പ്രവർത്തിക്കുന്നില്ല. നിലയ്ക്കലിൽ രണ്ട്, പമ്പയിൽ മൂന്ന്, സന്നിധാനത്ത് രണ്ട് എന്നിങ്ങനെയാണ് ഇൻസിനറേറ്ററുകളുള്ളത്. സന്നിധാനത്തെയും നിലയ്ക്കലെയും ഇൻസിനറേറ്ററുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനാകും.

കഴിഞ്ഞ സീസണിൽ മണിക്കൂറിൽ 750 കിലോഗ്രാം മാലിന്യമാണ് പമ്പയിൽ മണ്ഡലവ്രതകാലത്ത് ഇൻസിനറേറ്ററിലൂടെ കത്തിച്ചത്. സന്നിധാനത്തും നിലയ്ക്കലും ഓരോ മണിക്കൂറിലും 450 കിലോഗ്രാം വീതം കത്തിച്ചുകളയുന്നു. രാവും പകലുമായി ഇവ പ്രവർത്തിപ്പിച്ചാണ് മാലിന്യപ്രശ്നം പരിഹരിക്കുന്നത്.

പമ്പയിലും സന്നിധാനത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് കുപ്പികൾ മാത്രമാണ് വേർതിരിച്ചു മാറ്റുന്നത്. ആഹാരസാധനങ്ങൾ, പൂമാലകൾ എന്നിവയുൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ കുഴിച്ചിടുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റ് മാലിന്യങ്ങൾ ഇൻസിനറേറ്ററിലൂടെ കത്തിക്കുകയും ചെയ്യുന്നു.

ജൈവമാലിന്യങ്ങൾ കുഴിച്ചിടുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നുണ്ട്്. ഈ സാഹചര്യത്തിൽ തുമ്പൂർമൂഴി മോഡലിലുള്ള ഏറോബിക് കമ്പോസ്റ്റിങ് സംവിധാനമോ കൊല്ലം അമൃതാനന്ദമയി മഠത്തിൽ ഉപയോഗിക്കുന്ന രീതിയിലുള്ള കമ്പോസ്റ്റിങ് രീതിയോ അവലംബിക്കണം. ഏറോബിക് സംവിധാനത്തിൽ ഏറെ ദിവസങ്ങൾക്കുശേഷം മാത്രമേ ജൈവമാലിന്യങ്ങൾ സംസ്കരിക്കപ്പെടൂ. ഒരു ദിവസംകൊണ്ട് ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കാൻ കഴിയുന്ന രീതി അവലംബിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ബോർഡ് നിർദേശിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ശബരിമലയിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. അതിനാൽ ഇനി പൂർണമായും വേർതിരിച്ചശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണത്തിന് അയയ്ക്കണം.

ഈ മണ്ഡലകാലംമുതൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. നിലയ്ക്കലിൽ ഇതിനുള്ള അടിസ്ഥാന സൗകര്യംപോലും ഒരുക്കിയിട്ടില്ലെന്നാണ് ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഓരോ മണിക്കൂറിലും നൂറുകണക്കിന് ഭക്തർ എത്തിച്ചേരും. ഇവർക്കുവേണ്ട ടോയ്‌ലെറ്റ് സൗകര്യങ്ങൾ നിലയ്ക്കലിൽ ഇല്ല. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇല്ല. മണ്ഡലവ്രതകാലം തുടങ്ങാൻ ഇനി കഷ്ടിച്ച് ഒരു മാസം മാത്രമാണുള്ളത്. ഇതിനിടയിൽ മാലിന്യസംസ്കരണസംവിധാനങ്ങൾ ഒരുക്കണം.

സ്ത്രീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായ പശ്ചാത്തലത്തിൽ ഭക്തജനത്തിരക്കേറുമെന്നാണ് വിലയിരുത്തൽ.