ശബരിമല: സന്നിധാനത്തെ പ്രധാന പ്രസാദങ്ങളായ അരവണയും അപ്പവും കൂടുതല്‍ രുചിയുള്ളതാക്കും. ഇതിനായി നിര്‍മാണരീതിയില്‍മാത്രം അല്പം മാറ്റങ്ങള്‍ വരുത്തിയാല്‍മതിയെന്ന് ശാസ്ത്രസംഘം ശുപാര്‍ശചെയ്തു. മൈസൂരുവിലെ കേന്ദ്ര ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച അരവണ, അപ്പം എന്നിവയുടെ നിര്‍മാണം നടത്തുകയും അവര്‍ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു. നിലവില്‍ അരവണയും അപ്പവും ഉണ്ടാക്കുന്നതിനു പാരമ്പര്യരീതിയിലുള്ള കൂട്ടുകള്‍ക്കോ അളവിനോ വ്യത്യാസം വരുത്തില്ലെന്നും നിര്‍മാണത്തിലാണ് വ്യതിയാനങ്ങള്‍ വരുത്തുന്നതെന്നും ചീഫ് സയന്റിസ്റ്റ് കെ.എസ്.എം.എസ്.രാഘവറാവു പറഞ്ഞു.

മാറ്റങ്ങള്‍ക്കുള്ള ശുപാര്‍ശകള്‍

അരവണ നിര്‍മിക്കുമ്പോള്‍, നിലവില്‍ ശര്‍ക്കരപ്പാനിയില്‍ അരിയിട്ടു തിളപ്പിക്കുകയും പിന്നീടു സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തു പാചകം പൂര്‍ണമാക്കുകയുമാണു ചെയ്യുന്നത്. നിലവില്‍, അരവണയില്‍ അരിക്കാണു കടുപ്പം കൂടുതല്‍. ഉണക്കലരി അല്പം വേവിച്ചശേഷം ശര്‍ക്കരപ്പാനിയില്‍ ഇടുകയാണു വേണ്ടതെന്ന് ശാസ്ത്രസംഘം നിര്‍ദേശിച്ചു. ഈ കൂട്ട് ചേര്‍ന്നതിനുശേഷം മറ്റുള്ളവ ഇടണം. ഈ രീതിയില്‍ നിര്‍മിച്ച അരവണ കൂടുതല്‍ സ്വാദുള്ളതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. അപ്പം നിര്‍മാണത്തിലും നേരിയ വ്യത്യാസങ്ങള്‍ ശുപാര്‍ശചെയ്തു. അരിപ്പൊടി കൂടുതല്‍ നേര്‍ത്തതാകണം. തരികള്‍ കൂടുതല്‍ കിടന്നാല്‍ അപ്പം കൂടുതല്‍ ദൃഢമാകും. മൃദുത്വമുള്ളതാകാന്‍ പഴം കൂടുതല്‍ ചേര്‍ക്കുന്നതും പരിശോധിക്കും.

ഇനി

പുതുതായി നിര്‍മിച്ച അരവണയും അപ്പവും പല പായ്ക്കറ്റുകളിലാക്കി ശാസ്ത്രസംഘവും ദേവസ്വം ബോര്‍ഡും ശേഖരിച്ചു. ഇവ 15 ദിവസത്തിനുശേഷം രണ്ടുകൂട്ടരും പരിശോധിക്കും. മാറ്റങ്ങള്‍ നിരീക്ഷിക്കും. ശാസ്ത്രീയമായ പരിശോധന മൈസൂരു ലാബിലും നടത്തും. ഇപ്പോള്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് അപ്പോള്‍ തീരുമാനിക്കും. ശാസ്ത്രജ്ഞരായ ഡോ. കെ.വെങ്കിടേഷ് മൂര്‍ത്തി, ഡോ. ആര്‍.ചേതന, ഡോ.സുരേഷ്‌കുമാര്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍. ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ പി.വാസു, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി എന്നിവര്‍ സന്നിഹിതരായി.

ഒരാഴ്ചയ്ക്കുശേഷം റിപ്പോര്‍ട്ട്

പഠനസംഘത്തിന്റെ ശുപാര്‍ശകള്‍ ഒരാഴ്ചയ്ക്കകം ദേവസ്വം ബോര്‍ഡിനു കൈമാറും. മാറ്റങ്ങള്‍ 15 ദിവസം നിരീക്ഷിക്കും.

-കെ.എസ്.എം.എസ്.രാഘവറാവു, ചീഫ് സയന്റിസ്റ്റ്

പാരമ്പര്യരീതികള്‍ക്കു മാറ്റമില്ല

ശബരിമലപ്രസാദത്തില്‍ പാരമ്പര്യത്തിനും കൂട്ടിനും ഒരു വ്യത്യാസവും വരില്ല. കൂടുതല്‍ മേന്മയുള്ളതാക്കാന്‍ നിര്‍മാണരീതിയിലാണ് അല്പം വ്യത്യാസം വരിക-എ.പദ്മകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്