കോട്ടയം: ഇസ്രയേൽ പലസ്തീനിൽ ചെയ്യുന്നതാണ് കേന്ദ്രസർക്കാർ കശ്മീരിൽ ചെയ്യുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. ഒറ്റദിവസംകൊണ്ട് അവർ കശ്മീരിനെപിളർത്തി. കേന്ദ്രം മറ്റ് മതവിശ്വാസങ്ങളിലുള്ളവരെ അവിടെ കൊണ്ടുപോയി താമസിപ്പിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷം കുറയ്ക്കാനാണിത്.

കോട്ടയത്ത് സി.പി.എം. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയത് ഒരു ചർച്ചയും എവിടെയും നടത്താതെയാണ്. മന്ത്രി പോക്കറ്റിൽനിന്ന് കടലാസെടുത്ത് കശ്മീരിനെ വിഭജിക്കുന്ന കാര്യം വായിക്കുകയായിരുന്നു. 370-ാം വകുപ്പ് റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ ഒരു കൂടിയാലോചനയും ഉണ്ടായില്ല. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കമാണിത്,-അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി ഇതേവരെ സ്വീകരിച്ച നിലപാടിൽനിന്ന് അല്പംകൂടി കർശന നിലപാട് സ്വീകരിച്ച രാമചന്ദ്രൻപിള്ള, കോൺഗ്രസിനെ പൂർണമായി തള്ളിപ്പറഞ്ഞു. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസിന് കഴിയില്ല. അമിതാധികാരവും കുടുംബാധിപത്യവുമുള്ള കോൺഗ്രസിൽ ത്രമൂർത്തിസഖ്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൈനാ സ്തുതി

ചൈനയ്ക്ക് എതിരായി രാജ്യത്ത് നടക്കുന്ന പ്രചാരണത്തെ രാമചന്ദ്രൻപിള്ള രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് ചൈനീസ് വിരുദ്ധ പ്രചാരണം ശക്തമാക്കുന്നത് സി.പി.എമ്മിനെ ആക്രമിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇൗ പ്രചാരണം മുമ്പും പാർട്ടി നേരിട്ടിട്ടുണ്ട്. ഇനിയും നേരിടണം. ചൈനയെ അമേരിക്കയും മറ്റും വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഇന്ത്യ അടക്കമുള്ള സഖ്യത്തെ വരെ അതിനായി അവർ ഉപയോഗിക്കുകയാണ്. ചൈന നേടിയ വലിയ പുരോഗതിയാണ് അമേരിക്കയുടെ പ്രയാസത്തിന് കാരണം. ലോകദാരിദ്യം ഇല്ലാതാക്കുന്നതിൽ ചൈനയുടെ സംഭാവന 70 ശതമാനമാണ്. അതേസമയം ദാരിദ്ര്യം കൂട്ടുന്നതിലാണ് ഇന്ത്യയുടെ സംഭാവന. ലോകദാരിദ്ര്യം കൂട്ടുന്നതിൽ 60 ശതമാനം സംഭാവനയും ഇന്ത്യയുടേതാണ്. കോവിഡിനെ നേരിടാൻ വാക്സിൻ സൗജന്യമായി നൽകിയ ചൈനയും ക്യൂബയും ജനകീയ ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

8