പൂഞ്ഞാർ: വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോ ഡ്രൈവർ എസ്.ജയദീപിന്റെ ലൈസൻസ്‌ റദ്ദാക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി കോട്ടയം ആർ.ടി.ഒ. പി.ആർ.സജീവ് അറിയിച്ചു. പാലാ ജോയിന്റ് ആർ.ടി.ഒ.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. എസ്.ജയദീപിന്റെ വിശദീകരണം ലഭിച്ചശേഷമായിരിക്കും അന്തിമ നടപടി.

മോട്ടോർ വാഹനനിയമം സെക്ഷൻ 19(1) പ്രകാരം ഒരുവർഷംവരെ അയോഗ്യത ലഭിക്കാവുന്ന കുറ്റമാണ്‌ ഡ്രൈവർ ചെയ്തതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുൻപിലെ വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസ് ഓടിച്ചത്.

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഡ്രൈവറെ നേരത്തേ സസ്‌പെൻഡുചെയ്തിരുന്നു. വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെ പകുതിയോളം വെള്ളത്തിൽ ബസ് മുങ്ങുകയും തുടർന്ന് നിന്നുപോകുകയും ചെയ്തിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ്‌ പുറത്തെത്തിച്ചത്‌.

content highlights: s jayadeep's licence likely to be suspended