: എസ്. ജാനകിയുടെ മകൻ മുരളീകൃഷ്ണയുടെ ഫോണിലേക്ക് കുറെ ദിവസങ്ങളായി നൂറുകണക്കിന് സന്ദേശങ്ങളാണ് എത്തുന്നത്. ലോകമെങ്ങുമുള്ള മലയാളികളാണ് ഏറെയും. എല്ലാം ഒരേപാട്ടുതന്നെ. ‘ലോകം മുഴുവൻ സുഖംപകരാനായി സ്നേഹദീപമേ മിഴി തുറക്കൂ...’

പെട്ടെന്നെന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ആദ്യം മനസ്സിലായില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ലോകം മുഴുവനുള്ള മലയാളികൾ ഇപ്പോൾ ഈ പാട്ടുപാടുകയാണ്. ലോകത്തെ സർവചരാചരങ്ങൾക്കും നന്മ ആശംസിക്കുന്ന ഗാനം. ഏതൊരുകാലത്തും ഏത് മതസ്ഥർക്കും പാടാവുന്നത്. കോവിഡ് കാലത്ത് ആശ്വാസത്തിന്റെ ഒരു ചെറുനാളം. അതുപാടിയ ജാനകിയമ്മയെ തേടിയാണ് സന്ദേശങ്ങളെത്തുന്നത്. പാട്ടിന്റെ ശില്പികളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ. എസ്. ജാനകി ഒരുവർഷത്തോളമായി മൈസൂരുവിലാണ് താമസം. സ്ഥിരതാമസമാക്കിയിരിക്കുന്ന ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ഡൗൺ വന്നത്.

1972-ൽ ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലാണ് ഈ ഗാനം പിറന്നത്. പി. ഭാസ്കരൻ-പുകഴേന്തി-എസ്. ജാനകി കൂട്ടുകെട്ടായിരുന്നു പിന്നിൽ. തിരുവനന്തപുരം ചാല സ്വദേശി വേലപ്പൻ നായരാണ് പുകഴേന്തി എന്നറിയപ്പെട്ടത്. കുറച്ചുപാട്ടുകളേ അദ്ദേഹം മലയാളത്തിൽ ചെയ്തിട്ടുള്ളൂ. കൂടുതലും പാടിയത് എസ്. ജാനകി. വിവിധ ഭാഷകളിലെ പാട്ടുകൾ പാടാനായി സ്റ്റുഡിയോകളിൽനിന്ന് സ്റ്റുഡിയോകളിലേക്ക് ജാനകി പറന്നുനടക്കുന്ന കാലത്താണ് ഈ ഗാനം പിറന്നത്. 13 പാട്ടുകൾവരെ പാടിയ ദിവസങ്ങൾ. പുകഴേന്തി പാടിക്കൊടുത്ത ഈണത്തിൽ ജാനകിയമ്മ പാടുമ്പോൾ ആരെങ്കിലും അറിഞ്ഞിരുന്നോ തലമുറകൾ ഏറ്റുപാടുന്ന ഒന്നായി അത് മാറുമെന്ന്? ഏപ്രിൽ 23-ന് ജാനകിയമ്മയുടെ 82-ാം പിറന്നാളാണ്. അവർക്ക് മലയാളികൾ നൽകുന്ന ഒരു ആദരംകൂടിയാകും ഈ സമർപ്പണം.

പാട്ടിൽനിന്ന് വിരമിച്ച് ഏതാനുംവർഷങ്ങളായി വിശ്രമജീവിതം നയിക്കുകയാണവർ. മാധ്യമങ്ങളിൽനിന്ന് പൂർണ അകലത്തിൽ. കഴിഞ്ഞവർഷം ഒരു വീഴ്ചയിൽ ഇടുപ്പിന് പൊട്ടലുണ്ടായതോടെ പൂർണമായും ഉൾവലിഞ്ഞു. തന്റെ പാട്ട് ഇപ്പോൾ തരംഗമായത് ജാനകിയമ്മ അറിയുന്നുണ്ട്. മകനിൽനിന്ന് ഫോൺവാങ്ങി നല്ല മലയാളത്തിൽ അവർ ചോദിച്ചു: ‘‘അവിടെ എല്ലാവർക്കും സുഖമല്ലേ?’’. ആന്ധ്രയിൽ ജനിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയതും കേരളത്തിന്റെ ദത്തുപുത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ടതും ഏതാനും വാക്കുകളിൽ പറഞ്ഞു. ഭാസ്കരൻ മാഷിന്റെ സുന്ദരവരികൾക്ക് പുകഴേന്തി മികച്ച സംഗീതം നൽകിയതിനാലാണ് ഈ ഗാനം ഇപ്പോഴും സ്മരിക്കപ്പെടുന്നതെന്ന് ഓർക്കാനാണ് ജാനകിയമ്മയ്ക്കിഷ്ടം.

വിവിധരാജ്യങ്ങളിൽനിന്ന് മലയാളികൾ ഈ പാട്ട് അയക്കുന്നതിൽ മുരളീകൃഷ്ണയ്ക്ക് അദ്‌ഭുതമില്ല. പക്ഷേ, മലയാളം അറിയാത്തവർപോലും അയക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളായ മലയാളികളിൽനിന്ന് വരികളുടെ അർഥം മനസ്സിലാക്കിയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന ജാനകിയമ്മയ്ക്ക് വരികളുടെ അർഥമറിയാം. ഫോൺസംഭാഷണം അവസാനിപ്പിക്കുമ്പോൾ അവർ പറഞ്ഞു, ‘‘ആ പാട്ടിൽ പറയുന്നതുപോലെ ലോകത്ത് എല്ലാവർക്കും നന്മമാത്രം വരട്ടെ...’’.

Content Highlights: s janaki