കൊല്ലം : കേരളത്തിൽ സമഗ്ര സാമൂഹിക സർവേ നടത്താൻ ആർ.എസ്.എസ്. ഒരുങ്ങുന്നു. സംഘടനയ്ക്ക് കൂടുതൽ ശാഖകളും പ്രവർത്തകരുമുണ്ടെങ്കിലും സമൂഹത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ആർ.എസ്.എസ്. രൂപവത്കരിച്ചിട്ട് നൂറുവർഷം തികയുന്ന 2025-ൽ കൈവരിക്കേണ്ട സംഘടനാവികാസം സംബന്ധിച്ച ആസൂത്രണത്തിനും സർവേ വിവരങ്ങൾ ഉപയോഗിക്കും.

സേവന-പ്രചാരണ പ്രവർത്തനങ്ങൾ, സാമൂഹിക സമ്പർക്കം എന്നിവയിൽ കാര്യക്ഷമതയില്ലെന്നാണ് കണ്ടെത്തൽ. നേതൃത്വംപറയുന്ന കാര്യങ്ങൾ ചെയ്തുപോവുകമാത്രമാണ് കേരളത്തിലെ രീതി. ഇത് മാറ്റിയെടുത്താലേ കേരളത്തിൽ ചലനമുണ്ടാക്കാനാകൂ എന്ന് ദേശീയനേതൃത്വം പറയുന്നു.

പട്ടികജാതി കോളനികൾ, വായനശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സേവാകേന്ദ്രങ്ങൾ, അനാഥാലയങ്ങൾ തുടങ്ങി സാമൂഹികരംഗത്തെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ, ഹൗസിങ് കോളനികൾ എന്നിവയുടെ കണക്കെടുപ്പും നടത്തും. ഓരോ പ്രദേശത്തും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന തൊഴിൽ ഏതാണെന്ന് കണ്ടെത്തണമെന്നാണ് മറ്റൊരു നിർദേശം. ആദ്യഘട്ടത്തിൽ പ്രധാന ക്ഷേത്രങ്ങളുടെ പട്ടിക തയ്യാറാക്കാനും പിന്നീട് എല്ലാ ക്ഷേത്രങ്ങളുടെയും കണക്കെടുക്കാനും പറഞ്ഞിട്ടുണ്ട്. പിന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ആശ്രമങ്ങൾ, ധർമസ്ഥാപനങ്ങൾ, അവയിൽ സംഘടനയ്ക്കുള്ള സ്വാധീനം എന്നിവയെല്ലാം സർവേയിലൂടെ ശേഖരിക്കും. ഹിന്ദുസമുദായ സംഘടനകൾ, അവയുടെ നേതാക്കൾ, നൂറുപേരിൽക്കൂടുതൽ പണിയെടുക്കുന്ന തൊഴിൽശാലകൾ എന്നീവിവരങ്ങളും സമാഹരിക്കും.

സർവേ സംബന്ധിച്ച ആസൂത്രണത്തിനായി ആർ.എസ്.എസ്. ജില്ലാതലത്തിൽ ചിന്തൻ ബൈഠക് തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ ജില്ലാതലംവരെ പ്രവർത്തിച്ചശേഷം നിഷ്‌ക്രിയരായവരെ സംസ്ഥാന നേതാക്കൾ കാണും. പരിവാർ സംഘടനകളുടെ നിലവിലെ സ്ഥിതി, 2025-ൽ ഏത് നിലയിലെത്തും തുടങ്ങിയ കാര്യങ്ങൾ ചിന്തൻ ബൈഠക്കിൽ വിലയിരുത്തും. ആർ.എസ്.എസ്. ജില്ലാ, താലൂക്ക് ചുമതലക്കാരും പരിവാർ സംഘടനകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് ബൈഠക്കിൽ പങ്കെടുക്കുന്നത്.