ആലപ്പുഴ: കിഫ്ബിക്കെതിരായ നീക്കത്തിനുപിന്നിൽ ആർ.എസ്.എസ്. നേതാവ് രാം മാധവെന്ന് ധനമന്ത്രി തോമസ് ഐസക്. തൃശ്ശൂർ രാമനിലയത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് ആർ.എസ്.എസിന്റെ ഭാഗമായ സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിക്കെതിരേ ഹൈക്കോടതിയിൽ കേസുമായെത്തിയത്. രാം മാധവുമായുള്ള ചർച്ചയ്ക്കുശേഷമാണ് യഥാർഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം ഡൽഹിയിലാണ് നടന്നത്. ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ആർ.എസ്.എസുകാരുടെ വക്കാലത്ത് ഏറ്റെടുത്ത മാത്യു കുഴൽനാടനെപ്പോലൊരാളെ കെ.പി.സി.സി. സെക്രട്ടറിയായി ആവശ്യമുണ്ടോയെന്ന് ആ പാർട്ടി തീരുമാനിക്കണം. വിദേശത്തുനിന്നു മാത്രമല്ല രാജ്യത്തിനകത്തുനിന്നുപോലും വായ്പയെടുക്കാൻ കഴിയില്ലെന്നാണ് സി.എ.ജി. പറയുന്നത്. ഇതിനോടു പ്രതിപക്ഷം യോജിക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു. പ്രൊഫഷനെ രാഷ്ട്രീയവുമായും രാഷ്ട്രീയത്തെ പ്രൊഫഷനുമായും കൂട്ടിക്കുഴയ്ക്കില്ല എന്നൊക്കെ കേൾക്കാൻ സുഖമുണ്ട്. രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നൊരു വക്കാലത്ത് തന്നാൽ താങ്കൾ സ്വീകരിക്കുമോ? ഗാന്ധി വധവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയും ആർ.എസ്.എസും തമ്മിൽനടന്ന കേസിൽ, ആർ.എസ്.എസിന്റെ ഭാഗം വാദിക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാൽ ഇതേ ന്യായം പറഞ്ഞ് വക്കാലത്തെടുക്കുമോ? -ഐസക് ചോദിച്ചു.

‘കിഫ്ബിയിൽ വലിയ അഴിമതിയുണ്ട്, പ്രൊഫഷണൽ എത്തിക്സ് മൂലം പുറത്തുവിടുന്നില്ല’ എന്നൊക്കെ കുഴൽനാടൻ പറയുന്നതുകേട്ടു. ആ സൗജന്യമൊന്നും ഞങ്ങൾക്കുവേണ്ട. ധൈര്യമായി പുറത്തുവിടൂ. അതിന് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഏത് നിയമസ്ഥാപനമാണ് പെറ്റീഷൻ തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽനാടൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റിസർവ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പയെടുത്തത്. കിഫ്ബി വഴിയുള്ള വായ്പ തെറ്റാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞിട്ടില്ല. പക്ഷേ, ചെന്നിത്തല പറയുന്നെന്നും ഐസക് കുറ്റപ്പെടുത്തി.