കൊച്ചി: ബിജെ.പി.യുടെ പ്രവർത്തനങ്ങൾക്ക് ഓഡിറ്റിങ് ആവശ്യമാണെന്ന് ആർ.എസ്.എസ്. പാർട്ടിനേതൃത്വത്തെ അറിയിച്ചു. നേതാക്കളും കമ്മിറ്റികളും എന്തുചെയ്യുന്നുവെന്നതിൽ വ്യക്തമായ പരിശോധനകൾ ആവശ്യമാണെന്നും സംഘം നേതൃത്വം പാർട്ടിനേതാക്കളോട് നിർദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ആർ.എസ്.എസ്.-ബി.ജെ.പി. ചർച്ച നടന്നത്.

ബി.ജെ.പി.യുടെ പോക്കിൽ മറ്റു പരിവാർ സംഘടനകൾ കടുത്ത ആശങ്കയാണ് ബൈഠക്കിൽ അറിയിച്ചത്. പാർട്ടിയുടെയും നേതാക്കളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സംവിധാനമില്ലാത്തത് കുറവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എല്ലാ കമ്മിറ്റികളിലും വ്യക്തമായ പരിശോധനകൾ വേണമെന്ന ആവശ്യമാണ് നേതാക്കൾ പങ്കുവെച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വീഴ്ചയിൽ ആർ.എസ്.എസ്. കടുത്ത അതൃപ്തി അറിയിച്ചു. സ്ഥാനാർഥി നിർണയത്തിൽ വലിയ പാളിച്ചകളുണ്ടായി. പരസ്യ തർക്കങ്ങളുണ്ടായതു നാണക്കേടായി. സംഘത്തിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെട്ടിരുന്ന ബാലശങ്കറിന് പരസ്യമായി പ്രതികരിക്കേണ്ടിവന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പരിവാർ സംഘടനകൾ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെന്നും സംഘം ചുമതലയേൽപ്പിച്ചവർ പരാജയമായിരുന്നുവെന്നുമുള്ള ബി.ജെ.പി. അവലോകനങ്ങൾ ആർ.എസ്.എസ്. മുഖവിലയ്ക്കെടുത്തില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യേണ്ടിയിരുന്നത് ബി.ജെ.പി. നേതൃത്വം തന്നെയായിരുന്നുവെന്ന് ആർ.എസ്.എസ്. ചൂണ്ടിക്കാട്ടി.

പാർട്ടിയിലെ ഗ്രൂപ്പിസത്തിൽ ആർ.എസ്.എസ്. അമർഷം രേഖപ്പെടുത്തി. ബി.ജെ.പി. നേതാക്കൾക്കു പുറമേ ആർ.എസ്.എസ്. ചുമതലക്കാരെയും കൊടകര കുഴൽപ്പണക്കേസിൽ വിവരശേഖരണത്തിനായി വിളിപ്പിച്ചിരുന്നെങ്കിലും അതുസംബന്ധിച്ച തുറന്നചർച്ചകൾ ഉണ്ടായില്ല.

ആർ.എസ്.എസ്. നേതാക്കളായ പി.എൻ. ഹരികൃഷ്ണകുമാർ, സുദർശനൻ, പി.എൻ. ഈശ്വരൻ, എം. രാധാകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. നേതാക്കളായ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എൻ. ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: RSS demands audit in BJP