ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ മോശമായ ഭാഷയിൽ ആർ.എസ്.എസ്. പ്രവർത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഴപ്പള്ളി പഞ്ചായത്തിൽ കണ്ടത്തിപറമ്പിന് സമീപം താമസിക്കുന്ന ആർ.മഹേഷ് പൈയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിച്ച്‌ പോസ്റ്റ് കണ്ടത്.

ചങ്ങനാശ്ശേരി ജങ്ഷൻ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയിലാണ് അസഭ്യവർഷം.

സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവർ ഇത് സ്‌ക്രീൻഷോട്ട് ആക്കി സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചു. ഇയാൾക്കെതിരേ ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലറും സി.പി.എം. ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ ടി.പി.അജികുമാർ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.

content highlights: rss activist's facebook post against chief minister pinarayi vijayan