പത്തനംതിട്ട: നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് നാലരക്കിലോയിലധികം സ്വർണവും പതിമൂന്നുലക്ഷം രൂപയും കവർന്നു. മുത്താരമ്മൻകോവിലിനുസമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജൂവലറിയിലാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ കവർച്ച നടന്നത്. മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജൂവലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായും ഒരാഴ്ചമുൻപ് ആസൂത്രണം തുടങ്ങിയതായുമാണ് അന്വേഷണസംഘം നൽകുന്നവിവരം. മറ്റൊരുവാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നും പോലീസ് പറയുന്നു.

മോഷണസംഘത്തിനൊപ്പംപോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മർദിച്ച് അവശനാക്കി കോഴഞ്ചേരിയിൽ ഇറക്കിവിട്ടെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്. പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. സംഘത്തിലെ മറ്റുള്ളവരെപ്പറ്റിയുള്ള വിവരത്തിനായി ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ രാത്രിയിലും തുടരുകയാണ്. 15 ദിവസം മുൻപാണ് അക്ഷയ് ജൂവലറിയിൽ ജോലിക്കെത്തിയത്.

ഞായറാഴ്ച അവധി ആയതിനാൽ കട തുറന്നിരുന്നില്ല. ഉടമസ്ഥനായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് മറ്റൊരു ഇടപാടുകാരനുവേണ്ടി ജീവനക്കാരനായ സന്തോഷും അക്ഷയും ചേർന്ന് ജൂവലറി തുറന്നു. അധികം കഴിയും മുൻപ് മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജൂവലറിയിലെത്തി. ലോക്കർ ഇരിക്കുന്ന ഭാഗത്തേക്ക് കയറിയ സന്തോഷിനുപിന്നാലെ ഇവരും ബലമായി അകത്തേക്കുകടന്നു. അക്ഷയും ഇൗസമയത്ത് ലോക്കർമുറിയിലുണ്ടായിരുന്നു. അകത്തുകടന്ന സംഘം സന്തോഷിനെ മർദിച്ചശേഷം കൈകാലുകൾ കെട്ടിയിട്ടു. വായിൽ തുണിതിരുകിയശേഷം ലോക്കറിലിരുന്ന സ്വർണവും പണവും സംഘം കൈയിൽ കരുതിയിരുന്ന ബാഗിനുള്ളിലാക്കി. ഇൗ സമയം സ്വർണം വാങ്ങാനെത്തിയ ഇടപാടുകാരെക്കണ്ട അക്ഷയ് ലോക്കർമുറിയിൽനിന്ന്‌ ഇറങ്ങിവന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറി. അവർ ആവശ്യപ്പെട്ട സ്വർണം നൽകുകയും ചെയ്തു. ഇതിനിടയിൽ, പുറത്തേക്കുവന്ന കവർച്ചസംഘത്തിനൊപ്പം അക്ഷയും വേഗം കടയിൽനിന്നിറങ്ങി ഒാട്ടോറിക്ഷയിൽ കയറിപ്പോയി. അല്പസമയത്തിനുശേഷം ചോരയൊലിപ്പിച്ചിറങ്ങിവരുന്ന സന്തോഷിനെക്കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി. ഇതോടെയാണ് മോഷണം പുറത്തറിയുന്നത്.

ജൂവലറിയിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കും ഉൗരിക്കൊണ്ടാണ് കവർച്ചസംഘം പോയത്. കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബരവാഹനത്തിലാണ് ഇവർ കയറിപ്പോയതെന്നാണ് ഒാട്ടോറിക്ഷക്കാരൻ നൽകിയ വിവരം.

Content Highlights: one of the employee who is a part in robbery arrested