കൊച്ചി: കേരള പോലീസിനോട് എന്നും കടപ്പെട്ടവരായിരിക്കും ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയും. ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് ആദ്യം തണലായെത്തി. ചൊവ്വാഴ്ച അവരുടെ പഴ്‌സും കണ്ടെത്തി.

ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്.

ആദ്യം ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പോലീസ് മടങ്ങിയത്.

കളമശ്ശേരി സ്റ്റേഷനിലെ സി.പി.ഒ. രഘു നെടുമ്പാശ്ശേരി പോലീസുമായി ചേർന്ന് പഴ്‌സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്‌സ് കണ്ടെടുക്കുകയും ചെയ്തു.

പഴ്‌സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. രഘു വാർത്ത അറിയിച്ചപ്പോൾ യുവതിക്ക് ആദ്യം വിശ്വസിക്കാനായില്ല. നന്ദി അറിയിച്ചപ്പോൾ തന്റെ ഡ്യൂട്ടിയാണിതെന്നായിരുന്നു രഘുവിന്റെ മറുപടി. പണം യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകും. പഴ്‌സ് സ്പീഡ് പോസ്റ്റായി അയച്ചുനൽകാനും ഏർപ്പാടാക്കി.

Content Highlights: Retrieved, the French woman's purse